മൂന്നാം ദിനത്തിൽ ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 69ാ൦ ഓവറിലാണ് രാഹുലിന് നേരെ ഇംഗ്ലണ്ട് ആരാധകർ ഇത്തരത്തിൽ അതിക്രമം നടത്തിയത്. മുഹമ്മദ് ഷമി എറിഞ്ഞ 69ാ൦ ഓവറിലെ നാലാം പന്തിന് ശേഷമാണ് ബൗണ്ടറി ലൈനിന് അരികിൽ നിൽക്കുകയായിരുന്ന രാഹുലിന് നേരെ ആരാധകർ കോർക്ക് എറിഞ്ഞത്.
ഇംഗ്ലണ്ട് ആരാധകരുടെ ഈ മോശം പ്രവര്‍ത്തിയിൽ സ്ലിപ്പില്‍ ഫീല്‍ഡിംഗ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി ക്ഷുഭിതനായി. തുടർന്ന് താരം രാഹുലിനോട് ഇംഗ്ലണ്ട് ആരാധകർ എറിഞ്ഞ കോർക്ക് അവർക്ക് നേരെ തിരിച്ചറിയാൻ പറയുന്നുണ്ടായിരുന്നു.
advertisement
രാഹുല്‍ ഫീല്‍ഡ് നില്‍ക്കുന്നതിന് അടുത്തായി ധാരാളം കോര്‍ക്ക് വീണിരിക്കുന്നതും കാണാമായിരുന്നു. ഇംഗ്ലണ്ട് ആരാധകരുടെ പ്രവർത്തിയിൽ അതൃപ്തി രേഖപ്പെടുത്തി രാഹുലും കോഹ്‌ലിയും മറ്റ് ഇന്ത്യൻ താരങ്ങളും കളി നിയന്ത്രിച്ചിരുന്ന അമ്പയർമാരായ മൈക്കൽ ഗോയിനെയും റിച്ചാർഡ് ഇല്ലിങ്വർത്തിനെയും സമീപിച്ചതിനെ തുടർന്ന് കളി അല്പനേരത്തേക്ക് നിർത്തിവെച്ചിരുന്നു.
ഇക്കാര്യത്തില്‍ ഇംഗ്ലണ്ട് ആരാധകര്‍ക്കെതിരെ ഇന്ത്യ പരാതി നല്‍കിയിട്ടുണ്ട്. നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടെയും ഇംഗ്ലണ്ട് ആരാധകരില്‍ നിന്ന് വംശീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നേരെത്തെ പുറത്തുവന്നിരുന്നു. മത്സരത്തിൽ 129 റണ്‍സ് നേടിയ രാഹുലിന്റെ പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
കാണികളുടെ ഭാഗത്ത് നിന്നും ഇന്ത്യൻ ടീം അതിക്രമം നേരിടുന്നത് ഇതാദ്യമല്ല. ഈ വർഷമാദ്യം ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇന്ത്യൻ ടീമിലെ അംഗമായ മുഹമ്മദ് സിറാജിന് നേരെ സ്റ്റേഡിയത്തിലെ ചില കാണികൾ വംശീയഅധിക്ഷേപം നടത്തിയിരുന്നു. സംഭവം വിവാദമായതോടെ സ്റ്റേഡിയത്തിൽ നിന്നും കാണികളെ ഒഴിപ്പിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ടീം മാച്ച് റഫറിയായിരുന്ന ഡേവിഡ് ബൂണിന് പരാതി നൽകിയിരുന്നു, പരാതിയെ തുടർന്ന് ഇന്ത്യൻ താരങ്ങൾക്ക് മത്സരത്തിൽ നിന്ന് വേണമെങ്കിൽ പിന്മാറാം എന്ന് ബൂൺ അറിയിച്ചിരുന്നു.