ഈ പ്രയാണത്തിൽ ഇവർ തകർത്തത് 62 വർഷം പഴക്കമുള്ള റെക്കോർഡ് ആയിരുന്നു. 1959ല്‍ ഇന്ത്യക്കായി ജയസിംഗ്‌റാവു ഖോർപഡെ - നരി കോണ്‍ട്രാക്റ്റര്‍ എന്നിവര്‍ സ്ഥാപിച്ച 83 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇവർ തകർത്തത്. ഇതോടെ മുഹമ്മദ് അസറുദ്ദീന്‍ - ദിലീപ് വെങ്‌സര്‍ക്കാര്‍ സഖ്യം മൂന്നാം സ്ഥാനത്തായി.1986ല്‍ ഇരുവരും 71 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി-ദിനേശ് കാര്‍ത്തിക് സഖ്യമാണ് നാലാമത്. 2007ല്‍ ഇരുവരും 59 റണ്‍സാണ് നേടിയത്.
ലോർഡ്‌സ് ടെസ്റ്റിൽ നാലാം വിക്കറ്റിൽ രഹാനെ- പൂജാര സഖ്യത്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. നാലാം വിക്കറ്റിൽ ഇരുവരും ഒത്തുചേരുമ്പോൾ കോഹ്ലി, രാഹുൽ, രോഹിത് എന്നീ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർച്ച മുന്നിൽക്കണ്ട് നിൽക്കുകയായിരുന്നു ഇന്ത്യ. നാലാം വിക്കറ്റിൽ ഇംഗ്ലണ്ട് ബൗളർമാർക്ക് മുന്നിൽ പ്രതിരോധത്തിന്റെ കോട്ട കെട്ടിക്കൊണ്ട് ഇന്ത്യൻ സ്കോർബോർഡിലേക്ക് പതിയെ റൺസ് ചേർത്തുകൊണ്ടിരുന്നു. ഇംഗ്ലണ്ട് ബൗളർമാർക്ക് യാതൊരുവിധ പഴുതും നല്കാതെയായിരുന്നു ഇരുവരുടെയും മുന്നേറ്റം. മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ആക്രമിച്ച സഖ്യം നല്ല പന്തുകളെ ബഹുമാനിക്കുകയും ചെയ്തതോടെ ഇന്ത്യക്കും ആശ്വാസമായി.
advertisement
നാലാം വിക്കറ്റിൽ 100 റൺസ് കുറിച്ച സഖ്യത്തെ ഒടുവിൽ ഇംഗ്ലണ്ട് ബൗളർ മാർക് വുഡാണ് പിരിച്ചത്. ഇന്ത്യൻ സ്കോർ 155ൽ നിൽക്കെ വുഡ് എറിഞ്ഞ ഒരു ബൗൺസറിൽ നിന്ന് പൂജാര ഒഴിവാകാൻ നോക്കിയെങ്കിലും ഇംഗ്ലണ്ട് താരത്തിന്റെ പന്ത് പൂജാരയുടെ ബാറ്റിൽ തട്ടി സ്ലിപ്പിൽ നിന്ന ഇംഗ്ലണ്ട് നായകൻ റൂട്ടിന്റെ കൈകളിൽ എത്തുകയായിരുന്നു. അർഹിച്ച അർധസെഞ്ചുറിയിൽ നിന്നും അഞ്ച് റൺസകലെയാണ് പൂജാര പുറത്തായത്. 206 പന്തുകൾ നേരിട്ട പൂജാര 45 റൺസ് നേടി. പിന്നീട് ബാറ്റിംഗ് തുടർന്ന രഹാനെ 61 റൺസ് എടുത്ത് നിൽക്കെ മൊയീൻ അലിയുടെ പന്തിൽ വിക്കറ്റിന് പിന്നിൽ ബട്ലർക്ക് ക്യാച്ച് നൽകി മടങ്ങി.
നാലാം വിക്കറ്റിൽ ഇരുവരും പുറത്തെടുത്ത പ്രകടനം അവരുടെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനം കൂടിയായി. തുടർച്ചയായ ഇന്നിങ്‌സുകളിൽ തിളങ്ങാൻ കഴിയാതെ വന്ന ഇരുവർക്കും നേരെ വലിയ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ഇന്ത്യയുടെ ഇന്നിങ്സിൽ ഇരുവരുടെയും കൂട്ടുകെട്ട് നിർണായകമായി. ഇരുവരും നടത്തിയ പോരാട്ടം ഇന്ത്യക്ക് ഭേദപ്പെട്ട ലീഡ് നേടാൻ സഹായിച്ചിട്ടുണ്ട്. ഇരുവരും മടങ്ങിയതിന് ശേഷം പിന്നാലെ വന്ന ജഡേജ പെട്ടെന്ന് മടങ്ങിയത് പക്ഷെ ഇന്ത്യക്ക് തിരിച്ചടിയായി.
വെളിച്ചക്കുറവ് മൂലം ഇന്നലെ മത്സരം നേരത്തെ അവസാനിപ്പിക്കുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുത്തിട്ടുണ്ട്. 14 റണ്‍സ് നേടിയ റിഷഭ് പന്തിനൊപ്പം നാല് റണ്‍സുമായി ഇഷാന്ത് ശര്‍മ്മയാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് നിലവിൽ 154 റൺസിന്റെ ലീഡുണ്ട്. അവസാന ദിനമായ ഇന്ന് വാലറ്റക്കാരെ കൂട്ടുപിടിച്ച് പരമാവധി റൺസ് കൂട്ടിച്ചേർത്ത് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കാൻ ആകും പന്തിന്റെ ശ്രമം. മികച്ച ബൗളിംഗ് അക്രമണമുള്ള ഇംഗ്ലണ്ട് നിരയ്‌ക്കെതിരെ ആദ്യത്തെ സെഷൻ പിടിച്ചുനിൽക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഈ വെല്ലുവിളി ഇന്ത്യ എങ്ങനെയാകും നേരിടുക എന്നത് കാണേണ്ടി വരും.