രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും കളി തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ പുറത്തായി. ഇരുവരെയും പുറത്താക്കി ഇംഗ്ലണ്ട് പേസർ മാർക് വുഡാണ് ഇന്ത്യക്ക് ഇരട്ട പ്രഹരമേല്പിച്ചത്. നാലാം ദിനത്തിൽ മികച്ച സ്കോർ നേടി ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധയോടെ ആയിരുന്നു. ഇംഗ്ലണ്ട് ബൗളർമാരെ ശ്രദ്ധാപൂർവ്വം നേരിട്ട ഇന്ത്യൻ ഓപ്പണർമാരായ കെ എൽ രാഹുലും രോഹിത് ശർമയും ഇന്ത്യൻ സ്കോറിനെ സാവധാനം മുന്നോട്ട് നയിക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ സ്കോര്‍ 18ല്‍ നില്‍ക്കെ രാഹുലാണ് ആദ്യം പുറത്തായത്. മാർക് വുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പറായ ബട്ലർക്ക് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ രാഹുലിന് രണ്ടാം ഇന്നങ്സിൽ അഞ്ച് റൺസ് മാത്രമാണ് നേടാനായത്.
advertisement
രാഹുൽ മടങ്ങിയതിന് പിന്നാലെ അതുവരെ മികച്ച രീതിയിൽ കളിച്ചുകൊണ്ട് വരികയായിരുന്ന രോഹിത് ശർമയും വുഡിന് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഇന്ത്യൻ സ്കോർ 27ൽ നിൽക്കെ വുഡിന്റെ പന്തിൽ മൊയീൻ അലിക്ക് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. ആദ്യ ഇന്നിങ്സിൽ കാഴ്ചവെച്ചത് പോലെയുള്ള മികച്ച പ്രകടനം രോഹിത് ആവർത്തിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചു കൊണ്ടിരിക്കെയാണ് താരം മടങ്ങിയത്. 36 പന്തുകൾ നേരിട്ട താരം 21 റൺസാണ് നേടിയത്. ഇതിന് പിന്നാലെ ക്രീസിൽ ഒന്നിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ചേതേശ്വർ പൂജാരയും ചേർന്ന് പതിയെ ഇന്ത്യയെ മുന്നോട്ട് നയിച്ചു. ശ്രദ്ധയോടെ ബാറ്റ് വീശിയ സഖ്യം പതിയെ സ്കോർ ബോർഡിലേക്ക് റൺസ് ചേർത്തുകൊണ്ടിരുന്നു.
എന്നാൽ ഇന്ത്യയുടെ സ്കോർ 55ൽ എത്തിയപ്പോൾ സാം കറൻ ഇന്ത്യൻ ക്യാപ്റ്റനെ പവിലിയനിലേക്ക് മടക്കി. 31 പന്തിൽ 20 റൺസെടുത്ത് നിൽക്കുകയായിരുന്ന കോഹ്‌ലിയെ കറൻ ബട്ലറുടെ കൈകളിൽ എത്തിക്കുകയായിരുന്നു. നിലവിൽ 46 പന്തുകൾ നേരിട്ട് മൂന്ന് റൺസ് നേടിയ പൂജാരക്കൊപ്പം എട്ട് പന്തിൽ നിന്നും ഒരു റൺ നേടി അജിങ്ക്യ രഹാനെയാണ് ക്രീസിലുള്ളത്. തുടർച്ചയായ മത്സരങ്ങളിൽ പരാജയപ്പെടുന്ന ഇരുവരും ഈ ഇന്നിങ്സിലും പരാജയപ്പെട്ടാൽ വലിയ വിമർശനങ്ങൾ ആയിരിക്കും ഇവരുടെ നേരെ ഉയരുക.
നിലവിൽ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി നിൽക്കുന്ന ഇന്ത്യക്ക് പൂജാര - രഹാനെ കൂട്ടുകെട്ട് അതീവ നിർണായകമാണ്. ഇരുവർക്കും കൂട്ടുകെട്ട് നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യ കടുത്ത സമ്മർദ്ദത്തിലാകും. ഇംഗ്ലണ്ടിന്റെ മികവുറ്റ പേസ് ബൗളിംഗ് നിരയെ നേരിടുക എന്ന വലിയ വെല്ലുവിളിയാണ് ഇവർക്ക് മുന്നിലുള്ളത്.
നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 364 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 391 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്റെ സെഞ്ചുറി ബലത്തിലായിരുന്നു ഇത്. 321 പന്ത് നേരിട്ട റൂട്ട് 180 റണ്‍സ് നേടിയ റൂട്ട് പുറത്താകാതെ നിന്നു. ഇന്ത്യയുടെ മുഹമ്മദ് സിറാജ് നാലും ഇഷാന്ത് ശര്‍മ മൂന്നും വിക്കറ്റ് വീഴ്ത്തി.