അഞ്ചാം ദിനത്തിൽ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ ലീഡ് 250 കടക്കാൻ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളർമാരെ വശം കെടുത്തുന്ന പ്രകടനമാണ് ഷമിയും ബുംറയും പുറത്തെടുത്തത്. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റിൽ 85 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇരുവരെയും ഹർഷാരവങ്ങളോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്.
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഋഷഭ് പന്ത് തലേന്നത്തെ തന്റെ വ്യക്തിഗത സ്കോറിലേക്ക് എട്ട് റൺസ് കൂടി കൂട്ടിച്ചേർത്ത് മടങ്ങി. ഒല്ലി റോബിൻസണിന് ആയിരുന്നു വിക്കറ്റ്. പന്തിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യൻ ക്യാമ്പ് ആശങ്കയിലായി. ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നിൽ ഇന്ത്യയുടെ വാലറ്റം എത്ര നേരം പിടിച്ചുനിൽക്കും എന്നതാണ് എല്ലാവരും ആലോചിച്ചത്. പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് താരങ്ങളും ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ പിന്നീട് നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
advertisement
പന്ത് മടങ്ങിയതിന് ശേഷം ക്രീസിൽ എത്തിയ ഷമി ഇഷാന്തിനൊപ്പം ഇംഗ്ലണ്ട് ബൗളിങ്ങിനെ ചെറുത്ത് നിന്നു. എന്നാൽ സ്കോർ 194ൽ നിൽക്കെ 16 റൺസ് നേടിയ ഇഷാന്തിനെ റോബിൻസൺ മടക്കി ഇംഗ്ലണ്ടിന് കൂടുതൽ മേൽക്കൈ നൽകി. പക്ഷെ ഇന്ത്യയുടെ പോരാട്ടം അവിടെ അവസാനിച്ചിരുന്നില്ല. ഇഷാന്തിന് പകരം വന്ന ബുംറ ഷമിക്കൊപ്പം ഉറച്ച് നിന്ന് ഇന്ത്യൻ സ്കോർബോർഡിലേക്ക് റൺസ് ചേർത്തുകൊണ്ടിരുന്നു. ഷമിയും ബുംറയും യഥേഷ്ടം സിംഗിളുകള്‍ നേടിയപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുന്ന ഇംഗ്ലണ്ട് നായകനെയാണ് ലോര്‍ഡ്സില്‍ കണ്ടത്. ഇതിനിടയിൽ ബുംറയെ റൂട്ട് കൈവിട്ടുകളയുകയും ചെയ്തിരുന്നു.
ഇന്നലെ തുടരെ വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ച മുന്നിൽക്കണ്ട് നിന്ന ഇന്ത്യയെ രഹാനെയും പൂജാരയും ചേർന്ന് രക്ഷിച്ചെടുത്തതിന് സമാനമായി അവരെക്കാൾ മികച്ച റൺറേറ്റിലാണ് ഷമിയും ബുംറയും മുന്നേറിയത്. ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ മികച്ച ഷോട്ടുകളിലൂടെയാണ് ഇരുവരും സ്കോർ നേടിയിരുന്നത്. അതിൽ ഷമിയുടെ പ്രകടനമായിരുന്നു ഒരു പടി മുകളിൽ. ഇംഗ്ലണ്ട് സ്പിന്നർ മൊയീൻ അലിയെ ക്രീസിൽ നിന്നും ഇറങ്ങി വന്ന് സിക്സ് പായിച്ചാണ് ഷമി തന്റെ അർധസെഞ്ചുറി നേടിയത്. ഒമ്പതാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്ത സഖ്യം, ഒമ്പതാം വിക്കറ്റിൽ ഇന്ത്യയുടെ മികച്ച കൂട്ടുകെട്ടാണ് കുറിച്ചത്.