അഞ്ചാം ദിനത്തിൽ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഗംഭീര പോരാട്ടം കാഴ്ചവെച്ച ഇന്ത്യൻ വാലറ്റത്തിന്റെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് മത്സരത്തിൽ മികച്ച ലീഡ് നേടിയെടുക്കാൻ സഹായിച്ചത്. ഇംഗ്ലണ്ട് ബൗളർമാരെ വശം കെടുത്തുന്ന പുറത്തെടുത്ത ഷമിയും ബുംറയും കൂടി ഒമ്പതാം വിക്കറ്റിൽ 89 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതിന് ശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിയ ഇരുവരെയും ഹർഷാരവങ്ങളോടെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഇന്ത്യൻ താരങ്ങൾ സ്വീകരിച്ചത്. ലോർഡ്‌സ് സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമിലെ ബാൽക്കണിയിൽ നിന്നും താഴെ പവിലിയന്റെ കവാടത്തിൽ കാത്തുനിന്ന ഇന്ത്യൻ താരങ്ങൾ ഇരുവരും അകത്തേക്ക് പ്രവേശിച്ചതോടെ ആർപ്പുവിളികളും കയ്യടികളും കൊണ്ട് ഇരുവരെയും വരവേൽക്കുകയായിരുന്നു.
advertisement
നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ലഭിച്ചു. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഋഷഭ് പന്ത് തലേന്നത്തെ തന്റെ വ്യക്തിഗത സ്കോറിലേക്ക് എട്ട് റൺസ് കൂടി കൂട്ടിച്ചേർത്ത് മടങ്ങി. ഒല്ലി റോബിൻസണിന് ആയിരുന്നു വിക്കറ്റ്. പന്തിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യൻ ക്യാമ്പ് ആശങ്കയിലായി. ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നിൽ ഇന്ത്യയുടെ വാലറ്റം എത്ര നേരം പിടിച്ചുനിൽക്കും എന്നതാണ് എല്ലാവരും ആലോചിച്ചത്. പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ട് താരങ്ങളും ആത്മവിശ്വാസത്തിലായിരുന്നു. എന്നാൽ പിന്നീട് നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
പന്ത് പുറത്തായതിന് ശേഷം ചെറിയ ചെറുത്ത്നിൽപ്പ് നടത്തിയ ശേഷം 16 റൺസ് നേടിയ ഇഷാന്ത് മടങ്ങിയപ്പോൾ ഇന്ത്യ 209-8 എന്ന നിലയിലായി. ഇവിടെ നിന്നാണ് ഷമിയും ബുംറയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ സാഹസികതയുടെ മുന്നോട്ട് നയിച്ചത്. ഒമ്പതാം വിക്കറ്റില്‍ 89 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തിൽ, മുഹമ്മദ് ഷമിയുടെ സംഭാവന 56 റൺസും ബുംറയുടേത് 34 റൺസുമായിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ട് സ്പിന്നറായ മൊയീൻ അലിയെ പടുകൂറ്റൻ സിക്സിന് പറത്തിയാണ് ഷമി തന്റെ ടെസ്റ്റിലെ രണ്ടാം അർധസെഞ്ചുറി കണ്ടെത്തിയത്.
ഇന്ത്യ ഉയർത്തിയ 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ലണ്ട് തകർച്ച നേരിടുകയാണ്. അവസാനം വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എടുത്തിട്ടുണ്ട്. 33 റൺസോടെ ക്യാപ്റ്റൻ ജോ റൂട്ടാണ് ക്രീസിൽ. ഇന്ത്യക്കായി ഇഷാന്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമി ബുംറ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. തകർപ്പൻ ബാറ്റിങ്ങിന് ശേഷം ബൗളിങ്ങിനിറങ്ങിയ ഷമിയും ബുംറയും ഇംഗ്ലണ്ടിന്റെ രണ്ട് ഓപ്പണർമാരെയും പൂജ്യത്തിനാണ് പുറത്താക്കിയത്. ബേൺസിനെ ബുംറ പുറത്താക്കിയപ്പോൾ മറ്റൊരു ഓപ്പണറായ സിബ്ലിയെ ഷമി പുറത്താക്കുകയായിരുന്നു.