ടെസ്റ്റിന്റെ അവസാന ദിനമായ ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും ഒരു ദിവസത്തിൽ തന്നെ വീഴ്ത്തിയാണ് ഇന്ത്യ ജയം നേടിയത്. ബൗളർമാർക്ക് അധികം പിന്തുണ ലഭിക്കാതിരുന്ന പിച്ചിലാണ് ഇന്ത്യയുടെ ഈ നേട്ടം എന്നത് ഈ ജയത്തിന്റെ മാറ്റ് കൂട്ടുന്നു. മത്സരശേഷം ഇന്ത്യയുടെ വിജയത്തെ കുറിച്ച് സംസാരിച്ച വിരാട് കോഹ്ലി, തന്റെ ബൗളർമാരെ വാനോളം പുകഴ്ത്തുകയും ഒപ്പം മത്സരത്തിന്റെ ഗതി തിരിച്ചുവിട്ട നിമിഷം ഏതാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
advertisement
മത്സരത്തിനിടെ തന്റെ കയ്യിൽ നിന്നും പന്ത് ചോദിച്ച് വാങ്ങി ബുംറ എറിഞ്ഞ സ്പെല്ലാണ് കളിയുടെ ഗതി തന്നെ തിരിച്ചുവിട്ടത് എന്നാണ് കോഹ്ലി വെളിപ്പെടുത്തിയത്. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 22 ഓവറില്‍ ഒമ്പത് മെയ്‌ഡനുൾപ്പെടെ 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ബുംറയുടെ പ്രകടനം തന്നെയാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയിരുന്ന ഒലി പോപ്പ്, ജോണി ബെയര്‍സ്റ്റോ എന്നിവരെ രണ്ടാം ഇന്നിങ്സിൽ നിലയുറപ്പിക്കാൻ അവസരം കൊടുക്കാതെ ക്ലീൻ ബൗൾഡ് ആക്കുകയായിരുന്നു ബുംറ.
'മത്സരത്തിനിടെ പന്തിന് റിവേഴ്സ് സ്വിങ് ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ബുംറ എന്റെ അടുത്തുവന്ന് ബൗളിങ് ചോദിച്ചു വാങ്ങി. അവസാന ദിനത്തിലെ രണ്ടാം സെഷനില്‍ ബുംറ ചോദിച്ചു വാങ്ങി എറിഞ്ഞ ഈ സ്പെല്ലാണ് മത്സരം നമുക്ക് അനുകൂലമാക്കിയത്. നിര്‍ണായകമായ വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. ഇത്തരമൊരു പിച്ചില്‍ 22 ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങുന്നതിന് എന്തുമാത്രം അധ്വാനം വേണ്ടിവരുമെന്ന് അറിയാമല്ലോ'. കോഹ്ലി പറഞ്ഞു.
തന്റെ ടീമിന്റെ വിജയതൃഷ്ണയെ കുറിച്ചും കോഹ്ലി വാചാലനായി. 'ഈ ടെസ്റ്റില്‍ ടീം പുലര്‍ത്തിയ മനോഭാവം അഭിനന്ദനീയമാണ്. ഒന്നാം ഇന്നിങ്സില്‍ 100 റണ്‍സിന്റെ ലീഡ് വഴങ്ങേണ്ടി വന്നിട്ടും തിരിച്ചടിക്കാനും തിരിച്ചുവരാനും വിജയം നേടാനും ടീമിനു കഴിഞ്ഞു. മുന്‍പ് ലോര്‍ഡ്സില്‍ പറഞ്ഞതു തന്നെ ഞാന്‍ ആവര്‍ത്തിക്കുന്നു. ഈ ടീമിന്റെ ശൈലി എന്നെ സന്തോഷവാനാക്കുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനെന്ന നിലയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച മൂന്ന് ബോളിങ് പ്രകടനങ്ങളില്‍ ഒന്നാണിത്. തികച്ചും ഫ്ലാറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വിക്കറ്റാണ് ഓവലിലേത്. ആദ്യ മൂന്ന് ദിവസത്തെയത്ര പോലും നനവ് ഫീല്‍ഡില്‍ ഉണ്ടായിരുന്നില്ല. ഇവിടെ റിവേഴ്സ് സ്വിങ് ഫലപ്രദമായി ഉപയോഗിക്കാന്‍ നമ്മുടെ ബൗളര്‍മാര്‍ക്ക് സാധിച്ചു. 10 വിക്കറ്റും നേടാനാകുമെന്ന് ടീമെന്ന നിലയില്‍ ഞങ്ങള്‍ വിശ്വസിച്ചു' - കോഹ്‌ലി വ്യക്തമാക്കി.