ടെസ്റ്റിന്റെ അവസാന ദിനമായ ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 77 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ 10 വിക്കറ്റും ഒരു ദിവസത്തില്‍ തന്നെ വീഴ്ത്തിയാണ് ഇന്ത്യ ജയം നേടിയത്. ബൗളര്‍മാര്‍ക്ക് അധികം പിന്തുണ ലഭിക്കാതിരുന്ന പിച്ചിലാണ് ഇന്ത്യയുടെ ഈ നേട്ടം എന്നത് ഈ ജയത്തിന്റെ മാറ്റ് കൂട്ടുന്നു. നേരിയ വിജയസാധ്യത കണ്ടാല്‍ പിന്നെ സടകുടഞ്ഞ് എണീറ്റ് മത്സരം വരുതിയിലാക്കുന്ന ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.
മത്സരത്തിലെ വിജയത്തിന് ശേഷം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി സി സിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയും മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും തമ്മില്‍ ചെറിയ വാക്‌പോരും നടന്നിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് മറ്റുള്ളവരെ അപേക്ഷിച്ച് ബഹുദൂരം മുന്നിലാണെന്നായിരുന്നു സൗരവ് ഗാംഗുലി മത്സരശേഷം ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്.
advertisement
'മികച്ച പ്രകടനം. വൈദഗ്ധ്യമാണ് വ്യത്യാസം, എന്നാല്‍ ഏറ്റവും വലിയ വ്യത്യാസം സമ്മര്‍ദത്തെ അതിജീവിക്കാനുള്ള ശക്തിയാണ്.ഇന്ത്യന്‍ ക്രിക്കറ്റ് മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നിലാണ്'- ഗാംഗുലി ട്വീറ്റ് ചെയ്തു. ഗാംഗുലിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത വോണ്‍ ഇന്ത്യന്‍ ടീം ടെസ്റ്റില്‍ അങ്ങനെയാണെങ്കിലും പരിമിത ഓവര്‍ ക്രിക്കറ്റില്‍ അല്ലെന്നാണ് മറുപടി നല്‍കിയത്.
ഓവലിലെ ജയത്തിലൂടെ ഐ സി സി ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യന്‍ ടീം എത്തി. 26 പോയിന്റാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് വിജയവും ഒരു പരാജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 54.17 ആണ് ഇന്ത്യയുടെ വിജയശതമാനം. 12 വീതം പോയിന്റുമായി പാകിസ്താനും വെസ്റ്റ് ഇന്‍ഡീസുമാണ് രണ്ടാം സ്ഥാനത്ത്. ഒരു വിജയവും ഒരു തോല്‍വിയും ഇരുടീമുകളും സ്വന്തമാക്കി. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 14 പോയന്റുണ്ടെങ്കിലും വിജയശതമാനത്തില്‍ പിറകിലായതുമൂലം ടീം മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 29.17 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം. പാകിസ്താനും വിന്‍ഡീസിനും ഇത് 50 ശതമാനമാണ്.
ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം പതിപ്പാണ് ഇപ്പേള്‍ നടക്കുന്നത്. ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പോയിന്റോടെ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ന്യൂസിലന്‍ഡിന് മുന്നില്‍ വീഴുകയായിരുന്നു.