അജാസ് പട്ടേലിന്റെ പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തി സിക്സ് നേടിയാണ് പൂജാര അശ്വിൻ മുന്നോട്ട് വെച്ച വെല്ലുവിളി പൂർത്തീകരിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പൂജാര നേടുന്ന ആദ്യ സിക്സ് കൂടിയായിരുന്നു ഇത്. 2019ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു പൂജാര അവസാനമായി ഒരു സിക്സർ അടിച്ചത്. തന്റെ ടെസ്റ്റ് കരിയറിലെ 15 ആമത്തെ മാത്രം സിക്‌സാണ് പൂജാര അജാസിനെതിരെ നേടിയത്.
ഈ വർഷം ആദ്യം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ്, ടെസ്റ്റിൽ സ്പിന്നർക്കെതിരെ സിക്സ് നേടാൻ അശ്വിൻ പൂജാരയെ വെല്ലുവിളിച്ചിരുന്നു. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ വിക്രം റാത്തോറുമായി തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നടത്തിയ സംഭാഷണത്തിനിടെയായിരുന്നു അശ്വിന്റെ വെല്ലുവിളി. പൂജാര വെല്ലുവിളി ഏറ്റെടുത്താൽ താൻ പകുതി മീശ വടിച്ച് കളിക്കാൻ ഇറങ്ങുമെന്നും അശ്വിൻ പറഞ്ഞിരുന്നു.
advertisement
ടെസ്റ്റിൽ പൂജാര ഒരു ഓഫ് സ്പിന്നർക്കെതിരെ സിക്സർ നേടുന്നത് നമ്മൾ എപ്പോഴെങ്കിലും കാണുമോ?” എന്നായിരുന്നു അശ്വിന്റെ ചോദ്യം. ഇതിന് മറുപടിയായി “അതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഇടയ്ക്കൊക്കെ സിക്സറിലൂടെയും റൺസ് കണ്ടെത്താമെന്ന് ഞാൻ അവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്. എന്നാൽ അവൻ അത് എടുക്കുന്നില്ല, ഫോറുകളിലൂടെയും ഓടിയെടുക്കാവുന്ന റണ്ണുകളിലൂടെയൂം സ്കോർ ഉയർത്താൻ കഴിയുമ്പോൾ സിക്സർ അടിക്കുന്നത് എന്തിനാണ് എന്നതാണ് അവൻ ചോദിക്കുന്നത്.” എന്നായിരുന്നു റാത്തോറിന്റെ നർമം കലർന്ന മറുപടി.
അപ്പോഴാണ് അശ്വിൻ ഈ വെല്ലുവിളി മുന്നോട്ട് വെച്ചത്, “ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മൊയീൻ അലിയെയോ മറ്റേതെങ്കിലും സ്പിന്നർമാരേയോ അദ്ദേഹം ക്രീസിൽ നിന്നും പുറത്തിറങ്ങി സിക്സർ പറത്തിയാൽ, ഞാൻ എന്റെ മീശ പകുതിയെടുത്തു കളിക്കാൻ ഇറങ്ങും. ഇതൊരു തുറന്ന വെല്ലുവിളിയാണ്,” അശ്വിൻ പറഞ്ഞു.
അന്നേരം ശിഷ്യനെ അറിയുന്ന റാത്തോർ മറുപടി പറഞ്ഞത്, “അത് വലിയ വെല്ലുവിളിയാണ്. അദ്ദേഹം അത് ഏറ്റെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പക്ഷെ അദ്ദേഹം അത് ഏറ്റെടുക്കുമെന്ന് ഞാൻ കരുതുന്നില്ല,” എന്നായിരുന്നു.
എന്നാലിപ്പോൾ അശ്വിന്റെ വെല്ലുവിളി പൂജാര ഏറ്റെടുക്കുകയും അത് പൂർത്തീകരിക്കുകയും ചെയ്തു എന്നിരിക്കെ അശ്വിൻ തന്റെ പകുതി മീശ വടിച്ച് കളിക്കാൻ ഇറങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
മുംബൈ ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കുന്നു; രണ്ടാം ദിനം കളി നിർത്തുമ്പോൾ 332 റൺസ് ലീഡ്
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില മത്സരം അവസാനിക്കുമ്പോള്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ 325 റൺസ് നേടിയതിന് ശേഷം ബൗളിങ്ങിന് ഇറങ്ങി കിവീസിനെ വെറും 62 റണ്‍സിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ടാം ദിനത്തിൽ കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസ് എന്ന നിലയിലാണ്. ന്യൂസീലന്‍ഡിന് ഫോളോ ഓൺ ഭീഷണി ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലി ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിന് അയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. 39 റൺസോടെ മായങ്ക് അഗർവാളും 29 റൺസോടെ ചേതേശ്വർ പൂജാരയുമാണ് ക്രീസിൽ. ഫീൽഡിങ്ങിനിടെ വിരലിന് പരിക്ക് പറ്റിയ ശുഭ്മാൻ ഗില്ലിന് പകരം പൂജാര മായങ്കിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഇറങ്ങുകയായിരുന്നു.