വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സ് നേടിയതിന് ശേഷമാണ് അതേ സ്‌കോറില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 71 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്ത ഗില്ലിനെ അജാസ് പട്ടേല്‍ റോസ് ടെയ്‌ലറുടെ കൈയ്യിലെത്തിച്ചു. മായങ്ക് അഗര്‍വാളിനൊപ്പം ആദ്യ വിക്കറ്റില്‍ 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഗില്‍ ക്രീസ് വിട്ടത്. ഗില്ലിന് പകരം ചേതേശ്വര്‍ പൂജാര ക്രീസിലെത്തി.
advertisement
അഞ്ച് പന്തുകള്‍ നേരിട്ട് റണ്‍സെടുക്കും മുന്‍പ് പൂജാരയെ അജാസ് പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെയെത്തിയ വിരാട് കോഹ്ലിയും നാല് പന്തുകള്‍ നേരിട്ട് റണ്‍സൊന്നും എടുക്കാതെ പവലിയനിലേക്ക് മടങ്ങി.
ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ഇഷാന്ത് ശര്‍മ, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം മുഹമ്മദ് സിറാജ്, ശ്രേയസ്സ് അയ്യര്‍, ജയന്ത് യാദവ് എന്നിവര്‍ കളിക്കും. ന്യൂസീലന്‍ഡില്‍ നായകന്‍ കെയ്ന്‍ വില്യംസണ് പകരം ഡാരില്‍ മിച്ചല്‍ ടീമിലിടം നേടി. ടോം ലാഥമാണ് ടീമിനെ നയിക്കുക.
കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇക്കുറി ട്വന്റി 20 ലോകകപ്പിലും ന്യൂസീലന്‍ഡിനോടേറ്റ തോല്‍വി ഇന്ത്യന്‍ ടീം മറക്കാറായിട്ടില്ല. അതിനു മറുപടിപറയാന്‍ അവസരം കിട്ടിയ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ അര്‍ഹിച്ച വിജയം അപ്രതീക്ഷിതമായി വഴുതിപ്പോയി. രണ്ടാം ടെസ്റ്റ് ജയിക്കുന്ന ടീമിന് രണ്ടു ടെസ്റ്റുകളുടെ പരമ്പര സ്വന്തമാക്കാം.
കാണ്‍പൂരില്‍ ഒരു വിക്കറ്റ് അകലെയാണ് ടീം ഇന്ത്യക്ക് ജയം നഷ്ടമായത്. അശ്വിനും ജഡേജയും അക്സറും കിണഞ്ഞ് ശ്രമിച്ചിട്ടും 9 വിക്കറ്റേ വീണുള്ളൂ. ഒമ്പത് വിക്കറ്റ് നഷ്ടമായ ശേഷം അവസാന ബാറ്റര്‍ അജാസ് പട്ടേലിനൊപ്പം ഒമ്പതോവര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനെതിരെ പ്രതിരോധിച്ചുനിന്ന രചിന്‍ രവീന്ദ്രയാണ് കിവീസിന് സമനില സമ്മാനിച്ചത്. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് സമനില പിടിച്ചുവാങ്ങി. സ്‌കോര്‍ ഇന്ത്യ 345, 243-7, ന്യൂസിലന്‍ഡ് 296, 165-9. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി ശ്രേയസ് അയ്യരായിരുന്നു കളിയിലെ താരം.