ബാറ്റര്‍മാരായും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കുന്ന അഞ്ച് ദിവസവും പ്രകടമായ വ്യത്യാസങ്ങളൊന്നും വരാതിരുന്ന സ്പോര്‍ട്ടിംഗ് വിക്കറ്റായിരുന്നു കാണ്‍പൂരില്‍ ക്യൂറേറ്റര്‍ ശിവ് കുമാറും സംഘവും തയാറാക്കിയത്. പന്തുകൾക്ക് പലപ്പോഴും പ്രതീക്ഷിച്ച ബൗൺസ് വിക്കറ്റിൽ നിന്നും ലഭിച്ചിരുന്നില്ല എന്നത് മാറ്റി നിർത്തിയാൽ ബാറ്റർമാർക്കും ബൗളർമാർക്കും ഒരു പോലെ പിന്തുണ ലഭിച്ച പിച്ചായിരുന്നു കാൺപൂരിലേത്. ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ, ടോം ലാഥം, വിൽ യങ് എന്നിങ്ങനെ ഇരു ടീമിലെയും ബാറ്റർമാർ തിളങ്ങിയ പിച്ച് കൂടിയായിരുന്നു കാൺപൂരിലേത്. പിച്ചിൽ ക്ഷമയോടെ ബാറ്റ് ചെയ്താൽ ഫലം ലഭിക്കുമെന്ന് ഇവർ തെളിയിക്കുകയും ചെയ്തു.
advertisement
ബൗളിങ്ങിൽ സ്പിന്നർമാർക്കും പേസർമാർക്കും പിച്ചിൽ നിന്ന് ഒരു പോലെ ആനുകൂല്യം ലഭിച്ചു. ഇന്ത്യൻ നിരയിൽ സ്പിന്നർമാർ മേധാവിത്വം പുലർത്തിയപ്പോൾ കിവീസ് നിരയിൽ പേസർമാർക്കായിരുന്നു മുൻതൂക്കം. രണ്ട് ഇന്നിങ്‌സിലുമായി വീണ കിവീസിന്റെ 19 വിക്കറ്റുകളിൽ 17 എണ്ണവും ഇന്ത്യൻ സ്പിന്നർമാർ വീഴ്ത്തിയപ്പോൾ മറുവശത്ത്, ഇന്ത്യയുടെ 17 വിക്കറ്റുകളിൽ 14 എണ്ണവും വീഴ്ത്തിയത് കിവീസ് പേസര്‍മാരായ കെയ്ല്‍ ജയ്മിസണും ടിം സൗത്തിയും ചേര്‍ന്നായിരുന്നു. പൊതുവെ ബാറ്റിംഗ് ദുഷ്കരമാകുന്ന അഞ്ചാം ദിനത്തിൽ പോലും സ്പിന്നർമാരുടെ പന്ത് അളവിലധികം തിരഞ്ഞില്ല എന്നതിലും പിച്ചിന്റെ നിലവാരം വെളിവായിരുന്നു.
ആവേശകരമായ സമനിലയായിരുന്നു മത്സരത്തിൽ പിറന്നത്. മത്സരത്തിൽ ന്യൂസിലൻഡിന്റെ ഒരു വിക്കറ്റ് കൂടി ഇന്ത്യ നേടിയിരുന്നെങ്കിൽ ജയവും ഇന്ത്യക്ക് നേട്ടമായിരുന്നു. എന്നാൽ ന്യൂസിലൻഡ് താരങ്ങളായ രചിൻ രവീന്ദ്രയുടെയും അജാസ് പട്ടേലിന്റെയും പ്രതിരോധം തകർത്ത് വിക്കറ്റ് നേടാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്താണ് സമനില സ്വന്തമാക്കിയത്.
ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങള്‍ അഞ്ചാം ദിനം പോലുമെത്താതെ അവസാനിക്കുന്ന പതിവ് കാഴ്ചകൾക്കിടെയാണ് കാൺപൂർ ടെസ്റ്റ് അഞ്ചാം ദിനത്തിലെ അവസാന സെഷനിലെ അവസാന പന്ത് വരെയും നീണ്ടത്.
എന്തായാലും കാൺപൂരിലെ ഗ്രൗണ്ട് സ്റ്റാഫിന് പാരിതോഷികം നൽകിയ ദ്രാവിഡിന്റെ നടപടി വലിയ കയ്യടിയാണ് നേടുന്നത്. ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം ഓരോ ദിവസവും പുത്തൻ മാറ്റങ്ങളാണ് ദ്രാവിഡ് കൊണ്ടുവരുന്നത്. ഇന്ത്യൻ ടീമിൽ നിലനിന്നിരുന്ന പഴയ കീഴ്വഴക്കം ദ്രാവിഡ് തിരിച്ചുകൊണ്ടുവന്നിരുന്നു. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന താരങ്ങൾക്ക് മുൻ ഇന്ത്യൻ താരങ്ങൾ ക്യാപ് നൽകുന്ന കീഴ്വഴക്കമാണ് ദ്രാവിഡ് തിരികെ കൊണ്ടുവന്നത്. ഇത്തരത്തിൽ ഏകദിനത്തിൽ ഇന്ത്യക്കായി ഹർഷൽ പട്ടേൽ അരങ്ങേറിയപ്പോൾ അജിത് അഗാർക്കറും ടെസ്റ്റിൽ ശ്രേയസ് അയ്യർ അരങ്ങേറിയപ്പോൾ സുനിൽ ഗവാസ്കറുമായിരുന്നു താരങ്ങൾക്ക് ക്യാപ് സമ്മാനിച്ചത്.