62 റൺസിന് പുറത്തായ ന്യൂസിലൻഡിന് ഫോളോ ഓൺ ഭീഷണി ഉണ്ടായിരുന്നെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്ത്യയെ വീണ്ടും ബാറ്റിങ്ങിന് അയയ്ക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 263 റൺസിന്റെ ലീഡുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യൻ സ്കോർ പിന്തുടർന്ന് ഇറങ്ങിയ കിവീസിനെ തകർച്ചയിലേക്ക് തള്ളി വിട്ടത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സിറാജിന്റെ പ്രകടനമായിരുന്നു. ടോം ലാഥം (10), വിൽ യങ് (4), റോസ് ടെയ്‌ലർ (1) എന്നീ മൂന്ന് മുൻനിര ബാറ്റർമാരെ പുറത്താക്കി സിറാജ് ഇന്ത്യക്ക് മേൽക്കൈ നേടി കൊടുക്കുകയായിരുന്നു. സിറാജ് തുടങ്ങി വെച്ചത് മറ്റ് ഇന്ത്യൻ ബൗളർമാർ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സിറാജിന് ശേഷം അശ്വിന്റെ ഊഴമായിരുന്നു. ആദ്യത്തെ വരവിൽ ഒരു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ പിന്നീടുള്ള വരവിൽ ഒരോവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നേടി കിവീസിനെ തകർച്ചയിൽ നിന്നും കരകയറാൻ അനുവദിക്കാതെ എറിഞ്ഞിടുകയായിരുന്നു. അശ്വിൻ നാലും സിറാജ് മൂന്ന് വിക്കറ്റും വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റ് വീഴ്ത്തി അക്‌സർ പട്ടേലും ഒരു വിക്കറ്റ് വീഴ്ത്തി ജയന്ത് യാദവും മികച്ച പിന്തുണ നൽകി.
advertisement
പെർഫെക്ട് ടെൻ നേടി അജാസ്; മായങ്കിന്റെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 ന് പുറത്ത്
ന്യൂസിലൻഡിന്റെ 'മുംബൈ' താരമായ സ്പിന്നർ അജാസ് പട്ടേലിന്റെ പെർഫെക്ട് ടെൻ നേട്ടത്തിൽ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 325 റൺസിന് പുറത്ത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ 10 വിക്കറ്റും നേടി ടെസ്റ്റ് ചരിത്രത്തിൽ റെക്കോർഡ് നേട്ടം കൂടിയാണ് മുംബൈയിൽ ജനിച്ച ഈ ഇടം കൈയൻ സ്പിന്നർ നേടിയത്. 47.5 ഓവറിൽ 119 റൺസ് വഴങ്ങി ഇന്ത്യയുടെ 10 വിക്കറ്റും വീഴ്ത്തിയ അജാസ് ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം താരമെന്ന റെക്കോർഡാണ് നേടിയത്.
പത്ത് വിക്കറ്റും നേടി അജാസ് മിന്നിയപ്പോൾ മറുവശത്ത് 150 റൺസ് നേടി മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. അർധസെഞ്ചുറി നേടി അക്‌സർ പട്ടേലും മായങ്കിന് മികച്ച പിന്തുണ നൽകി.