പത്ത് വിക്കറ്റും നേടി അജാസ് മിന്നിയപ്പോൾ മറുവശത്ത് 150 റൺസ് നേടി മായങ്ക് അഗർവാളാണ് ഇന്ത്യൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത്. അർധസെഞ്ചുറി നേടി അക്‌സർ പട്ടേലും മായങ്കിന് മികച്ച പിന്തുണ നൽകി.
ഒന്നാം ദിനത്തിൽ 221ന് നാല് എന്ന നിലയിൽ മത്സരമാരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി ഏറ്റു. ഒന്നാം ദിനത്തിൽ വീണ നാല് വിക്കറ്റുകളും സ്വന്തമാക്കിയ അജാസ് തലേ ദിവസം നിർത്തിയിടത്ത് നിന്ന് തുടങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പന്തെടുത്ത ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് വിക്കറ്റുകൾ നേടി അജാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. സാഹയെ (27) എൽബിയിൽ കുടുക്കിയ അജാസ് അശ്വിനെ ആദ്യ പന്തിൽ തന്നെ ബൗൾഡ് ആക്കുകയായിരുന്നു. എന്നാൽ പിന്നീട് മായങ്ക് അഗർവാളിനൊപ്പം ക്രീസിൽ ഒന്നിച്ച അക്‌സർ പട്ടേൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
advertisement
ഉച്ചഭക്ഷണത്തിന് ശേഷം കളി പുനരാംഭിച്ചപ്പോൾ മായങ്ക് 150 റൺസ് തികച്ചു. എന്നാൽ തൊട്ടടുത്ത പന്തിൽ തന്നെ മായങ്കിനെ ടോം ബ്ലണ്ടലിന്റെ കൈകളിൽ എത്തിച്ച് അജാസ് ന്യൂസിലൻഡിന് വീണ്ടും ബ്രേക്ത്രൂ നൽകി. 311 പന്തുകളില്‍ നിന്ന് 17 ഫോറും നാല് സിക്‌സും സഹിതം 150 റണ്‍സെടുത്താണ് മായങ്ക് ക്രീസ് വിട്ടത്. ഇതോടെ അജാസ് തന്റെ വിക്കറ്റ് നേട്ടം ഏഴാക്കി ഉയർത്തി.
മായങ്ക് മടങ്ങിയ ശേഷം ഇന്ത്യൻ ഇന്നിങ്സിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അക്‌സർ പട്ടേൽ ആക്രമിച്ച് കളിച്ച് സ്കോർ ഉയർത്തുകയും ഒപ്പം അർധസെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ തന്നെ അജാസ് പട്ടേലിന്റെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്തായി. പിന്നീട് ജയന്ത് യാദവ് (12) ചെറിയ ചെറുത്ത്നിൽപ്പ് നടത്തിയെങ്കിലും റൺ ഉയർത്താനുള്ള ശ്രമത്തിനിടെ താരവും അജാസിന് വിക്കറ്റ് നൽകി മടങ്ങി. ഇതോടെ ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയ അതേ ഓവറിൽ സിറാജിനെയും പുറത്താക്കി 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുകയായിരുന്നു.
അജാസിന് സിറാജിലൂടെ മറുപടി നൽകി ഇന്ത്യ; ന്യൂസിലൻഡിന് ബാറ്റിംഗ് തകർച്ച
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലൻഡ് തകർച്ച നേരിടുകയാണ്. 38 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റ് നഷ്‌ടമായ അവർ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 287 റൺസ് പുറകിലാണ്. ഇന്ത്യക്കായി സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അശ്വിൻ, അക്‌സർ പട്ടേൽ, ജയന്ത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.