191 റൺസ് എന്ന താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ ആദ്യ പന്ത് മുതൽ നയം വ്യക്തമാക്കിയിരുന്നു. ഫോറടിച്ചാണ് രോഹിത് തുടങ്ങിയത്. പിന്നാലെ തുടരെ ഫോറടിച്ച് ശുഭ്മാൻ ഗിൽ പാക് ബോളർമാരുടെ ആത്മവിശ്വാസം കെടുത്തി. എന്നാൽ 16 റൺസെടുത്ത ഗില്ലിനെ പുറത്താക്കി ഷഹിൻ ഷാ അഫ്രിദി പാകിസ്ഥാന് പ്രതീക്ഷ നൽകി. പിന്നീടെത്തിയ കോഹ്ലിയും പാക് ബോളർമാർക്കെതിരെ ആധിപത്യത്തോടെ തുടങ്ങി. എന്നാൽ 16 റൺസെടുത്ത് നിൽക്കെ കോഹ്ലിയെ ഹസൻ അലി പുറത്താക്കി.
advertisement
തുടർന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് ശർമ്മ ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ രണ്ടാം സ്പെൽ എറിയാനെത്തിയ ഷഹിൻഷാ അഫ്രിദിക്ക് മുന്നിൽ രോഹിത് വീണു. അപ്പോഴേക്കും ഇന്ത്യ സുരക്ഷിത നിലയിൽ എത്തിയിരുന്നു. ആദ്യ പന്ത് മുതൽ ആക്രമിച്ച രോഹിത് ശർമ്മ പാക് ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചിരുന്നു. 63 പന്തിൽനിന്നാണ് രോഹിത് 86 റൺസെടുത്തത്. ആറു വീതം സിക്സറുകളും ഫോറും ഉൾപ്പെടുന്നതായിരുന്നു നായകന്‍റെ ഇന്നിംഗ്സ്. രോഹിത് മടങ്ങിയെങ്കിലും കെ എൽ രാഹുലിനെ കൂട്ടിപിടിച്ച് വലിയ നഷ്ടങ്ങളില്ലാതെ ശ്രേയസ് അയ്യർ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു.
മത്സരത്തിന്‍റെ ഒരുഘട്ടത്തിലും ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ പാകിസ്ഥാന് കഴിഞ്ഞില്ല. ബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും സമഗ്രാധിപത്യം പുലർത്തിയാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത്. ഇരമ്പിയാർത്ത ഇന്ത്യൻ ആരാധകർക്ക് മുന്നിൽ പാകിസ്ഥാന് തൊട്ടതെല്ലാം പിഴയ്ക്കുന്നതാണ് കണ്ടത്.
മികച്ച ഫോമിൽ ബാറ്റുവീശിയ മുഹമ്മദ് റിസ്വാന്‍റേത് ഉൾപ്പടെ രണ്ടു വിക്കറ്റെടുത്ത ജസ്പ്രിത് ബുംറയും ബാബർ അസമിനെ പുറത്താക്കിയ മുഹമ്മദ് സിറാജും ഒരോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും ചേർന്നാണ് പാകിസ്ഥാനെ തകർത്തത്. പാകിസ്ഥാന് വേണ്ടി നായകൻ ബാബർ അസം 50 റൺസ് നേടി. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ 49 റൺസെടുത്ത് പുറത്തായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ ഒരവസരത്തിൽ രണ്ടിന് 154 എന്ന ശക്തമായ നിലയിലായിരുന്നു. എന്നാൽ ക്യാപ്റ്റൻ ബാബർ അസമിനെ ക്ലീൻ ബോൾഡാക്കി മുഹമ്മദ് സിറാജാണ് പാകിസ്ഥാന്‍റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ സൌദ് ഷക്കീലിനെയും(ആറ്) ഇഫ്തിക്കർ അഹമ്മദിനെയും(നാല്) ഒരോവറിൽ പുറത്താക്കി കുൽദീപ് ഇന്ത്യയ്ക്ക് നിർണായക മേൽക്കൈ സമ്മാനിച്ചു. വൈകാതെ റിസ്വാനെ ക്ലീൻ ബോൾഡാക്കി ബുംറ പാക് ബാറ്റിങ് നിരയുടെ തകർച്ച പൂർണമാക്കി. പിന്നീട് വാലറ്റത്തിന് കാര്യമായ ചെറുത്തുനിൽപ്പ് നടത്താനായില്ല.
പാക് ടീമിലെ സൂപ്പർതാരങ്ങളായ ബാബർ അസമും മുഹമ്മദ് റിസ്വാനും മികച്ച ഫോമിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് അവർ തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. റിസ്വാന് പിന്നാലെ ശതാബ് ഖാനെയും ബുംറ ക്ലീൻ ബോൾഡാക്കി. ഇതോടെ മത്സരഗതി പൂർണമായും ഇന്ത്യയുടെ വരുതിയിലായി. വാലറ്റത്ത് കാര്യമായ ചെറുത്തുനിൽപ്പ് നടത്താനാകാതെ മൊഹമ്മദ് നവാസും, ഹസൻ അലിയും, ഷഹിൻ ഷാ അഫ്രിദിയും പുറത്തായി. ബാബർ അസം 58 പന്തിൽ ഏഴ് ഫോർ ഉൾപ്പടെയാണ് 50 റൺസ് നേടിയത്. കൂടുതൽ കരുതലോടെ ബാറ്റുവീശിയ റിസ്വാൻ 69 പന്തിൽ ഏഴ് ഫോർ അടക്കം 49 റൺസ് നേടി. ബാബർ അസമും റിസ്വാനും ചേർന്ന് മൂന്നാം വിക്കറ്റിൽ 82 റൺസ് നേടി. ഇതുതന്നെയായിരുന്നു പാക് ഇന്നിംഗ്സിലെ മികച്ച കൂട്ടുകെട്ട്.
മത്സരത്തിന്‍റെ തുടക്കത്തിൽ പാക് ഓപ്പണർമാർ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ബോളർമാരെ നേരിട്ടത്. ബുംറയുടെയും സിറാജിന്‍റെയും മോശം പന്തുകൾ തെരഞ്ഞുപിടിച്ച് റൺസ് കണ്ടെത്തി മുന്നേറി. എന്നാൽ എട്ടാമത്തെ ഓവറിലെ അവസാന പന്തിൽ അബ്ദുള്ള ഷഫീഖിനെ പുറത്താക്കി സിറാജ് നിർണായക ബ്രേക്ക് സമ്മാനിക്കുകയായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ 41 റൺസാണ് പാകിസ്ഥാൻ നേടിയത്. തുടർന്ന് ബാബർ അസമിനെ കൂട്ടുപിടിച്ച് ഇമാം ഉൾ ഹഖ് സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ പതിമൂന്നാമത്തെ ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ഇമാം ഉൾ ഹഖ് പുറത്താകുകയായിരുന്നു. 38 പന്ത് നേരിട്ട ഇമാം ഉൾ ഹഖ് ആറ് ഫോറുകൾ നേടി. ഇന്ത്യയ്ക്കുവേണ്ടി ജസ്പ്രിത് ബുംറ, കുൽദീപ് യാദവ്, മൊഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, ജഡേജ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
