നേരത്തെ, മഴമൂലം മത്സരം വൈകി ആരംഭിച്ചപ്പോൾ മത്സരം 19 ഓവർ ആക്കി ചുരുക്കിയിരുന്നു. എന്നാൽ 21 പന്തുകൾക്കപ്പുറം വീണ്ടും മഴ എത്തുകയായിരുന്നു. മഴ ഒടുവിൽ ചാറലായി കുറഞ്ഞതോടെ 10 മണിക്ക് മത്സരം വീണ്ടും പുനരാരംഭിച്ചേക്കുമെന്ന് പ്രതീക്ഷ ഉയർന്നെങ്കിലും ആരാധകരെ നിരാശരാക്കിക്കൊണ്ട് മത്സരം ഉപേക്ഷിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. പരമ്പര സമനിലയിൽ അവസാനിച്ചതോടെ ഇന്ത്യൻ മണ്ണിൽ 2010ന് ശേഷം പരിമിത ഓവർ ക്രിക്കറ്റ് പരമ്പര അടിയറവ് വെച്ചിട്ടില്ലെന്ന റെക്കോർഡ് കാത്തുസൂക്ഷിക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായി.
നേരത്തെ, തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഇന്ത്യൻ ക്യാപ്റ്റൻ ഋഷഭ് പന്തിന് ടോസ് നഷ്ടമായി. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യത്തെ നാല് മത്സരങ്ങളിൽ ഇടത് കൈകൊണ്ട് ടോസ് എറിഞ്ഞ പന്ത് ഇക്കുറി വലത് കൈകൊണ്ട് ടോസ് ഇട്ടുനോക്കിയെങ്കിലും ഭാഗ്യദേവത ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം തന്നെ തുടരുകയായിരുന്നു.
പരിക്ക് മൂലം ദക്ഷിണാഫ്രിക്കയുടെ സ്ഥിരം ക്യാപ്റ്റൻ തെംബാ ബവൂമ കളിക്കുന്നില്ല. ബവൂമയ്‌ക്ക് പകരം കേശവ് മഹാരാജ് ക്യാപ്റ്റൻ ആയതിന് പുറമെ മൂന്ന് മാറ്റങ്ങൾ അവർ പ്ലെയിങ് ഇലവനിൽ വരുത്തി. ട്രിസ്റ്റൺ സ്റ്റബ്ബ്സ്, കാഗിസോ റബാഡ, റീസ ഹെൻഡ്രിക്സ് എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ പ്ലെയിങ് ഇലവനിൽ ഇടം നേടിയത്. അതേസമയം മാറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.