TRENDING:

Virat Kohli | സെഞ്ചുറിയില്ല; ഇത്തവണ പൂജ്യത്തിന് പുറത്ത്; 'ഡക്കിൽ' റെക്കോർഡിട്ട് കോഹ്ലി

Last Updated:

ടെസ്റ്റില്‍ 10 തവണ ഡക്കായ ഏക ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നാണക്കേട് കൂടി കോഹ്ലിയുടെ പേരിലായിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചെറിയ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ വിരാട് കോഹ്ലിക്ക് (Virat Kohli) ലഭിച്ചത് നിരാശാജനകമായ തുടക്കം. ഇന്ത്യയും ന്യൂസിലന്‍ഡും (IND vs NZ) തമ്മിലുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പൂജ്യത്തിനാണ് പുറത്തായത്.
advertisement

മത്സരത്തില്‍ നാല് പന്തുകള്‍ മാത്രം നേരിട്ട കോഹ്ലി അജാസ് പട്ടേലിന്റെ വിക്കറ്റിന് മുന്നില്‍ കുരുങ്ങി പുറത്താവുകയായിരുന്നു. ഈ വര്‍ഷം ഇത് നാലാമത്തെ തവണയാണ് കോഹ്ലി ടെസ്റ്റില്‍ ഡക്കായത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് കോഹ്ലിയുടെ പേരിലായത്. ഇതിന് പുറമെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലായി. മുംബൈ ടെസ്റ്റില്‍ പുറത്തായതും ചേര്‍ത്ത് മൊത്തം ആറ് തവണയാണ് കോഹ്ലി ഇന്ത്യയില്‍ നടന്ന ടെസ്റ്റുകളില്‍ ഡക്കായത്. അഞ്ച് തവണ ഡക്കായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് കോഹ്ലിയുടെ പേരിലേക്കായത്.

advertisement

ഇതോടൊപ്പം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലായി. ടെസ്റ്റില്‍ ഇത് വരെ 10 തവണ ഡക്കായ കോഹ്ലി മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനൊപ്പം രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 13 തവണ ഡക്കായ സ്റ്റീഫന്‍ ഫ്‌ലെമിംഗാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റില്‍ 10 തവണ ഡക്കായ ഏക ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നാണക്കേട് കൂടി കോഹ്ലിയുടെ പേരിലായിട്ടുണ്ട്.

അതേസമയം, മുംബൈയില്‍ നടക്കുന്ന ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ രീതിയിലാണ് കോഹ്ലി പുറത്തായത്. ഇന്ത്യന്‍ ഇന്നിങ്സിന്റെ 30ാം ഓവറിലായിരുന്നു സംഭവം. അജാസ് പട്ടേല്‍ എറിഞ്ഞ ഓവറിലെ അവസാന പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കോഹ്ലി പുറത്തായത്. കോഹ്ലിയുടെ പാഡില്‍ തട്ടിയ പന്തില്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ ഉയര്‍ത്തിയ അപ്പീലിന് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. എന്നാല്‍ കോഹ്ലി ഉടന്‍ തന്നെ റിവ്യൂ എടുത്തു. റിവ്യൂ ദൃശ്യങ്ങളില്‍ പന്ത് ബാറ്റില്‍ തട്ടിയെന്നത് വ്യക്തമാകുന്നുണ്ടായിരുന്നു. എന്നാല്‍ ബാറ്റിന്റെയും പാഡിന്റെയും ഇടയില്‍ വലിയ വിടവില്ലാതിരുന്നതിനാല്‍ ബാറ്റിലാണോ അതോ പാഡിലാണോ പന്ത് ആദ്യം കൊണ്ടത് എന്നതില്‍ വ്യക്തത വരുത്താന്‍ കഴിയുന്നുണ്ടായില്ല. പന്ത് ബാറ്റില്‍ തട്ടിയെന്നത് വ്യക്തമായതോടെ അമ്പയറുടെ തീരുമാനം തിരുത്തപ്പെട്ടേക്കും എന്ന് ഇന്ത്യന്‍ ആരാധകര്‍ ആശിച്ചെങ്കിലും പല ആംഗിളുകളില്‍ നിന്ന് റിപ്ലേ നോക്കിയതിന് ശേഷം തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു. ഗ്രൗണ്ട് വിടും മുമ്പ് ബൗണ്ടറി റോപ്പില്‍ കോലി ബാറ്റ് കൊണ്ട് ആഞ്ഞടിക്കുകയും ചെയ്തു.തേര്‍ഡ് അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ മുന്‍ താരങ്ങളടക്കം രംഗത്തുവരികയും ചെയ്തിരുന്നു.

advertisement

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണിങ് ബാറ്റര്‍ മായങ്ക് അഗര്‍വാളിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ടെസ്റ്റില്‍ തന്റെ നാലാം സെഞ്ചുറിയാണ് മായങ്ക് വാങ്കഡേയില്‍ കുറിച്ചത്.

246 പന്തുകളില്‍ നിന്ന് 14 ഫോറുകളും നാല് സിക്‌സും സഹിതം 120 റണ്‍സോടെ മായങ്കും 53 പന്തുകളില്‍ നിന്നും മൂന്ന് ഫോറുകളും ഒരു സിക്‌സും സഹിതം 25 റണ്‍സോടെ സാഹയുമാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്‍ (44), വിരാട് കോഹ്ലി (0), ചേതേശ്വര്‍ പൂജാര (0), ശ്രേയസ് അയ്യര്‍ (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.നാല് വിക്കറ്റുകളും അജാസ് പട്ടേലാണ് സ്വന്തമാക്കിയത്.

advertisement

മഴ കാരണം ഔട്ട്ഫീല്‍ഡ് നനഞ്ഞതിനെ തുടര്‍ന്ന് വൈകിയാണ് ആദ്യ ദിനത്തിലെ മത്സരം ആരംഭിച്ചത്. 70 ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം ബൗള്‍ ചെയ്യാനായത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
Virat Kohli | സെഞ്ചുറിയില്ല; ഇത്തവണ പൂജ്യത്തിന് പുറത്ത്; 'ഡക്കിൽ' റെക്കോർഡിട്ട് കോഹ്ലി
Open in App
Home
Video
Impact Shorts
Web Stories