ഞായറാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 30 റൺസിന് പരാജയപ്പെടുത്തി 1-0 ന് മുന്നിലെത്തി.സ്പിന്നിനെ തുണയ്ക്കുന്ന ഈഡൻഗാർഡൻസിലെ പിച്ചിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ തിളങ്ങിയപ്പോൾ ചെറുത്തു നിൽക്കാൻ പോലുമാകാതെ ഇന്ത്യ അടിയറവ് പറഞ്ഞു. വിജയം ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര നിമിഷമായി. 15 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
advertisement
124 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇടറിവീണ ഇന്ത്യ 93 റൺസിന് ഓൾഔട്ടായി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സൈമണ്‍ ഹാർമർ നാല് വിക്കറ്റുൺ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും രണ്ട് വീതം വിക്കറ്റു വീഴ്തി വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. ആദ്യ ഇന്നിംഗ്സിൽ 30 റൺസ് വഴങ്ങി ഹാർമർ 4 വിക്കറ്റ് വീഴ്ത്തിയിരുന്നു.
124 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെയും (0), കെ.എല്‍ രാഹുലിന്റെയും (1) വിക്കറ്റുകൾ നഷ്ടമായി.മൂന്നാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദര്‍ - ധ്രുവ് ജുറെല്‍ സഖ്യം 32 റണ്‍സ് കൂട്ടിച്ചേർത്ത് പ്രീതീക്ഷ നൽകിയെങ്കിലും സൈമണ്‍ ഹാർമർ 34 പന്തില്‍ നിന്ന് 13 റണ്‍സുമായി നിന്ന ധ്രുവ് ജുറെലിന്റെ വിക്കറ്റെടുത്തതോടെ ടീം ചീട്ടുകൊട്ടാരം പോലെ തകരാൻ തുടങ്ങി. പിന്നാലെ എത്തിയ ഋഷഭ് പന്ത് രണ്ട് റൺസിന് പുറത്തായി. അഞ്ചാം വക്കറ്റിൽ ജഡേജയെകൂട്ടുപിടിച്ച് സുന്ദർ നടത്തിയ രക്ഷാ പ്രവർത്തനവും വിജയിച്ചില്ല. 26 പന്തില്‍ നിന്ന് 18 റണ്‍സുമായി നിന്ന ജഡേജയെ സൈമണ്‍ ഹാർമർ പുറത്താക്കി. പിന്നാലെ 92 പന്തിൽ നിന്ന് 31 റൺസുമായി ഇന്ത്യൻ നിരയിൽ പിടിച്ചു നിന്ന വാഷിംഗ്ടൺ സുന്ദറിനെ ഏയ്ഡന്‍ മാര്‍ക്രം മടക്കിയതോടെ ആറിന് 72 റണ്‍സെന്ന നിലയിലായി ടീം ഇന്ത്യ. കേശവ് മഹാരാജിന്റെ 35-ാം ഓവറിൽൽ രണ്ട് സിക്സറുകൾ പറത്തി അക്സർ പട്ടേൽ കാണികൾക്ക് ആവേശം പകർന്നെങ്കിലും, 17 പന്തിൽ 26 റൺസ് നേടിയ പട്ടേൽ അതേ ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. . തൊട്ടടുത്ത പന്തില്‍ മുഹമ്മദ് സിറാജിന്റെ വിക്കറ്റും നേടിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയം സമ്പൂർണമായി.
ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 153 റൺസിൽ അവസാനിച്ചിരുന്നു. 93-7 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത് പുറത്താകാതെ 136 പന്തുകളിൽ 55 റൺസ് നേടിയ ക്യാപ്റ്റൻ ടെംബ ബവുമയുടെ പ്രകടനമാണ്. എട്ടാം വിക്കറ്റിൽ കോർബിൻ ബോഷുമായി (37 പന്തില്‍ നിന്ന് 25 റണ്‍സ്) ചേർന്ന് ബവുമ നേടിയ 44 റൺസിന്റെ കൂട്ടുകെട്ട് ഇന്ത്യൻ ബൗളർമാരെ നിരാശരാക്കി. ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയാണ് ഈ കൂട്ടുകെട്ട് തകർത്തത്.ഇടംകൈയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജ 50 റൺസ് വഴങ്ങി 4 റൺസ് നേടി. കുല്‍ദീപ് യാദവും സിറാജും രണ്ടു വിക്കറ്റ് വീതമെടുത്തു.
