എട്ടോളം ഇനങ്ങളിൽ മെഡൽ ഉറപ്പിച്ചതോടെയാണ് ഇന്ത്യ മെഡൽ വേട്ടയിൽ സെഞ്ചുറി ഉറപ്പിച്ചത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ നൂറ് മെഡൽ നേടുന്നത്. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇതിന് മുമ്പ് ഇന്ത്യ നേടിയ പരാമവധി മെഡല്‍ നില 70 ആണ്.
അമ്പെയ്ത്തില്‍ പുരുഷന്മാരുടെ റിക്കര്‍വ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടി. ഫൈനലില്‍ കൊറിയയോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. അതാനു ദാസ്, തുഷാര്‍ ഷെല്‍കെ, ധിരജ് ബൊമ്മദേവര എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്.
advertisement
Also Read- ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി; ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിൽ കളിച്ചേക്കില്ല
വനിതകളുടെ റിക്കര്‍വ് ഇനത്തിൽ ഇന്ത്യ വെങ്കലമെഡൽ സ്വന്തമാക്കി. വിയറ്റ്‌നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം നേടിയത്.
സെപക് താക്രോയില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലവും സ്വന്തമാക്കി. സെമിയില്‍ തായ്‌ലന്‍ഡിനോട് 2-0ത്തിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത്. ഈയിനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
വനിതകളുടെ 61 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി. ചൈനയുടെ ലോങ് ജിയയെ തകര്‍ത്താണ് സോനം വെങ്കലം നേടിയത്. 7-5 എന്ന സ്കോറിനായിരുന്നു വിജയം.
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. സ്കോർ 16-21, 9-21. ഇതോടെ 1982-ല്‍ സയിദ് മോദിക്കു ശേഷം ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും പ്രണോയ് സ്വന്തമാക്കി.
ഇന്ത്യന്‍ പുരുഷ കബഡി ടീം പാകിസ്താനെ തകര്‍ത്ത് ഫൈനലിലെത്തി മെഡലുറപ്പിച്ചു. 61-14 എന്ന സ്‌കോറില്‍ ആധികാരിക ജയത്തോടെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശനം.
കബഡിയില്‍ മെഡലുറപ്പിച്ച് ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തി. സെമിയില്‍ നേപ്പാളിനെ 61-17 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ കുതിപ്പ്.