നായകന്‍ ജോ റൂട്ട് നേടിയ 109 റണ്‍സിന്റെ ബലത്തിലാണ് രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 303 റണ്‍സ് നേടിയത്. റൂട്ട് പുറത്താകുമ്പോള്‍ 274 റണ്‍സ് ആയിരുന്നു ഇംഗ്ലണ്ട് നേടിയതെങ്കിലും അവശേഷിക്കുന്ന വിക്കറ്റുകള്‍ ഇന്ത്യ വേഗത്തില്‍ വീഴ്ത്തുകയായിരുന്നു. റൂട്ടിന്റെ ഉള്‍പ്പെടെ 5 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
19 ഓവറില്‍ 2 മെയ്ഡന്‍ അടക്കം 64 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ ബുംറ വീഴ്ത്തിയത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ജോ റൂട്ടാണ് രണ്ടാം ഇന്നിങ്‌സിലും ഇംഗ്ലണ്ടിന് തുണയായത്. 172 പന്തില്‍ 14 ഫോറടക്കം 109 റണ്‍സ് നേടിയാണ് ജോ റൂട്ട് പുറത്തായത്. ടെസ്റ്റ് കരിയറിലെ ജോ റൂട്ടിന്റെ 21 ആം സെഞ്ചുറിയാണിത്. നേരത്തെ ആദ്യ ഇന്നിങ്സില്‍ 64 റണ്‍സ് നേടിയ ജോ റൂട്ട് തന്നെയായിരുന്നു ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ജോണി ബെയര്‍സ്റ്റോ 30 റണ്‍സും സാം കറണ്‍ 32 റണ്‍സും നേടി പുറത്തായി.
209 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി കെ എല്‍ രാഹുല്‍ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തി മുന്നേറിയ താരം പക്ഷേ വ്യക്തിഗത സ്‌കോര്‍ 26 ലെത്തി നില്‍ക്കെ പുറത്തായി. ഈ സമയം ഇന്ത്യന്‍ സ്‌കോര്‍ 34/1 എന്ന നിലയിലായിരുന്നു. മൂന്നാമനായെത്തിയ ചേതേശ്വര്‍ പുജാരയും, രോഹിത് ശര്‍മ്മയും ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു. 12 റണ്‍സ് വീതമെടുത്ത പുജാരയും, രോഹിതുമാണ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ ക്രീസിലുള്ളത്.
ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് കുറിച്ച 183 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളുടേയും വാലറ്റത്ത് ജസ്പ്രീത് ബുംറ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും ബലത്തില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 278 റണ്‍സ് കുറിച്ചു. 84 റണ്‍സെടുത്ത കെ എല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ഒല്ലി റോബിന്‍സണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ നാല് വിക്കറ്റ് വീഴ്ത്തി.