ലോകമെമ്പാടുമുള്ള തെരുവ് കുട്ടികളുടെ അവകാശങ്ങൾക്കായാണ് ഈ മിക്സഡ്-ജെൻഡർ ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ തെരുവുമായി ബന്ധമുള്ള കുട്ടികളും യുവാക്കളും പങ്കെടുക്കും.
സേവ് ദി ചിൽഡ്രൻ, ഇന്ത്യ (ബാല രക്ഷാ ഭാരത്) സംഘടിപ്പിക്കുന്ന പരിപാടി സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പാണ്. 2019ൽ ലണ്ടനിലെ കേംബ്രിഡ്ജിലാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. അവിടെ എട്ട് ടീമുകൾ മത്സരിച്ചിരുന്നു. അതിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടീം ഇന്ത്യ സൗത്താണ് വിജയിച്ചത്.
advertisement
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സംഘടനകളെ പ്രതിനിധീകരിച്ച് ഇന്ത്യയിൽ നിന്ന് ഏഴ് ടീമുകൾ അടുത്ത വർഷത്തെ ടൂർണമെന്റിൽ പങ്കെടുക്കും. കിരീടം നിലനിർത്താൻ വിജയികളും 2023ൽ മടങ്ങിയെത്തുമെന്ന് സംഘാടകർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ബംഗ്ലാദേശ്, ബൊളീവിയ, ബ്രസീൽ, ബുറുണ്ടി, ഇംഗ്ലണ്ട്, ഹംഗറി, മൗറീഷ്യസ്, മെക്സിക്കോ, നേപ്പാൾ, റുവാണ്ട, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട, സിംബാബ്‌വെ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകളാണ് അടുത്ത വർഷത്തെ ടൂർണമെന്റിൽ പങ്കെടുക്കുക.
"തെരുവ് കുട്ടികൾക്ക് അവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ മറികടക്കാൻ ക്രിക്കറ്റ് എങ്ങനെ സഹായിക്കുന്നുവെന്ന് ലോകത്തെ കാണിക്കാൻ കിട്ടുന്ന അതുല്യ അവസരമാണിത്. SCCWC 2023 നടത്തുന്നതിനായി സേവ് ദി ചിൽഡ്രൻ ഇന്ത്യയ്‌ക്കൊപ്പം പ്രവർത്തിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. തെരുവ് കുട്ടികൾ എല്ലായിടങ്ങളിലും മികച്ച രീതിയിൽ സംരക്ഷിക്കപ്പെടുന്നുവെന്നും അടിസ്ഥാന സേവനങ്ങളിലേക്കുള്ള അവരുടെ പ്രവേശനം ഉറപ്പാക്കുന്നതിനുമുള്ള ആഹ്വാനമാണിത്," സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ജോൺ റോ പറഞ്ഞു.
“ഓരോ കുട്ടിയും അവരുടേതായ ഐഡന്റിറ്റി അർഹിക്കുന്നു, അതിനാൽ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ വളരെ ആവേശഭരിതരാണ്. ഈ യുവാക്കൾക്കായി സ്പോർട്സിന് അല്ലെങ്കിൽ ക്രിക്കറ്റിന് എന്തുചെയ്യാനാകുമെന്ന് ലോകത്തെ കാണിക്കുന്നതിനാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത്" സേവ് ദി ചിൽഡ്രൻ, ഇന്ത്യ സിഇഒ സുദർശൻ സുചി പറഞ്ഞു.
സ്ട്രീറ്റ് ചൈൽഡ് യുണൈറ്റഡും സേവ് ദി ചിൽഡ്രനും തമ്മിലുള്ള പങ്കാളിത്തത്തിന് പുറമേ, ലോകബാങ്ക്, ഐസിസി, ബ്രിട്ടീഷ് ഹൈക്കമ്മീഷൻ എന്നിവയുൾപ്പെടെ മറ്റ് നിരവധി സഹായ സംഘടനകളുമായും വ്യക്തികളുമായും സഹകരിച്ചാണ് സ്ട്രീറ്റ് ചൈൽഡ് ക്രിക്കറ്റ് ലോകകപ്പ് 2023 സംഘടിപ്പിക്കുന്നത്.