എന്നാൽ 12 റൺസിനിടെ മൂന്നു നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. രാഹുൽ, നാലാമനായി എത്തിയ വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരാണ് പുറത്തായത്. രാഹുലിനെയും കോഹ്ലിയെയും മിച്ചൽ സ്റ്റാർക്കും ഗില്ലിനെ സ്കോട് ബോളണ്ടും പുറത്താക്കി. ഋഷഭ് പന്ത് (4), ക്യാപ്റ്റൻ രോഹിത് ശർമ (ഒന്ന്) എന്നിവരാണ് ക്രീസിൽ.
64 പന്തിൽ ആറു ഫോറുകളോടെ 37 റൺസെടുത്ത രാഹുലിനെ മിച്ചൽ സ്റ്റാർക്ക് സ്ലിപ്പിൽ മക്‌സ്വീനിയുടെ കൈകളിലെത്തിച്ചു. ഈ പരമ്പരയിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കുന്നത്. 8 പന്തിൽ ഒരു ഫോർ സഹിതം 7 റൺസുമായി കോഹ്ലി ഭേദപ്പെട്ട തുടക്കമിട്ടെങ്കിലും, തൊട്ടുപിന്നാലെ പുറത്തായി. സ്റ്റാർക്കിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിനു ക്യാച്ച്. തൊട്ടടുത്ത ഓവറിൽ ശുഭ്മൻ ഗില്ലും പുറത്തായി. 51 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 31 റണ്‍സെടുത്ത ഗില്ലിനെ ബോളണ്ട് എൽബിയിൽ കുരുക്കി.
advertisement
നേരത്തെ, സ്കോട് ബോളണ്ടിന്റെ ആദ്യ ഓവറിൽത്തന്നെ രാഹുൽ രണ്ടു തവണ പുറത്താകലിന്റെ വക്കിലെത്തിയെങ്കിലും ആദ്യം നോബോളും രണ്ടാമത് ഉസ്മാൻ ഖവാജ ക്യാച്ച് കൈവിട്ടതും രക്ഷയായി. ആദ്യ പന്തിൽത്തന്നെ രാഹുൽ വിക്കറ്റ് കീപ്പറിനു ക്യാച്ച് നൽകിയെങ്കിലും ബോളണ്ടിന്റെ കാൽപ്പാദം വര കടന്നതോടെ നോബോളായി. അഞ്ചാം പന്തിൽ രാഹുൽ നൽകിയ ക്യാച്ച് സ്ലിപ്പിൽ ഉസ്മാൻ ഖവാജ കൈവിട്ടു.
നേരത്തേ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ മൂന്നു മാറ്റങ്ങളുണ്ട്. രോഹിത് ശർമയ്ക്കു പുറമേ ശുഭ്മൻ ഗിൽ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടീമിൽ തിരിച്ചെത്തി. ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, വാഷിങ്ടൻ സുന്ദർ എന്നിവരാണ് പുറത്തായത്. ഓസീസ് നിരയിൽ പരുക്കേറ്റ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട് ബോളണ്ട് ടീമിലെത്തി.