നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 185നെതിരെ ഓസീസ് 181ന് പുറത്താവുകയായിരുന്നു. 57 റണ്‍സ് നേടിയ ബ്യൂ വെബ്സ്റ്ററാണ് ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്.
ഇന്ത്യക്കായി ടെസ്റ്റിലെ രണ്ടാമത്തെ അതിവേഗ അർധ സെഞ്ചുറിയാണ് പന്ത് നേടിയത്. 29 പന്തിലായിരുന്നു പന്ത് 50 കടന്നത്. 2022ൽ ബെംഗളൂരുവിൽ ശ്രീലങ്കയ്‌ക്കെതിരെ 28 പന്തിൽ അർധസെഞ്ചറി നേടിയ പന്തിന്റെ തന്നെ പേരിലാണ് ഏറ്റവും വേഗമേറിയ അർധസെഞ്ചറിയുടെ റെക്കോർഡും.
advertisement
Also Read- സിഡ്നി ടെസ്റ്റിനിടെ ഗ്രൗണ്ട് വിട്ട് ബുംറ; മെഡിക്കൽ സംഘത്തിനൊപ്പം ആശുപത്രിയിലേക്ക്; ആശങ്ക
33 പന്തിൽ ആറു ഫോറും നാലു സിക്സും സഹിതം 61 റൺസെടുത്താണ് പന്ത് പുറത്തായത്. ഓപ്പണർ യശസ്വി ജയ്സ്വാൾ 35 പന്തിൽ നാലു ഫോറുകളോടെ 22 റൺസെടുത്തു. ഓപ്പണർ കെ എൽ രാഹുൽ (20 പന്തിൽ രണ്ടു ഫോറുകളോടെ 13), ശുഭ്മാൻ ഗിൽ (15 പന്തിൽ രണ്ടു ഫോറുകളോടെ 13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ഇന്ത്യൻ ബാറ്റർമാർ. വിരാട് കോഹ്ലി (12 പന്തിൽ ആറ്), നിതീഷ് റെഡ്ഡി (21 പന്തിൽ നാല്) എന്നിവർ വീണ്ടും നിരാശപ്പെടുത്തി. ഓസീസിനായി സ്കോട് ബോളണ്ട് നാലും ക്യാപ്റ്റൻ പാറ്റ് കമിൻസ്, അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ബ്യൂ വെബ്സ്റ്റർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
അതേസമയം, രണ്ടാം ദിനം മത്സരത്തിനിടെ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ പരുക്കേറ്റ് പുറത്തുപോയത് ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കി. ബുംറയെ സ്കാനിങ്ങിനായി ആശുപത്രിയിലേക്കു കൊണ്ടുപോയി. കുറേ സമയത്തിനുശേഷം ബുംറ ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തിയത് ശുഭസൂചകമാണ്. ബുംറയ്ക്ക് രണ്ടാം ഇന്നിങ്സിൽ പന്തെറിയാനാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും മത്സരത്തിൽ ഇന്ത്യയുടെ സാധ്യതകൾ.
നേരത്തേ, സ്റ്റാർക്ക് എറിഞ്ഞ ആദ്യ ഓവറിൽ നാലു ബൗണ്ടറികൾ സഹിതം 16 റൺസാണ് യശസ്വി ജയ്സ്വാൾ അടിച്ചത്. സ്റ്റാർക്കിനെതിരെ ജയ്‌സ്വാൾ നേടിയ 16 റൺസ്, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്നിങ്സിന്റെ ആദ്യ ഓവറിൽ ഒരു ഇന്ത്യൻ താരത്തിന്റെ മികച്ച പ്രകടനമാണ്. സ്കോട് ബോളണ്ടിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് ജയ്‌സ്വാൾ പുറത്തായത്. അതിനു മുൻപ് കെ എൽ രാഹുലും ബൗള്‍ഡാവുകയായിരുന്നു. 20 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്താണ് രാഹുൽ പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ രാഹുൽ- ജയ്‌സ്വാൾ സഖ്യം 45 പന്തിൽ 42 റൺസ് കൂട്ടിച്ചേർത്തു.
Also Read- സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ തിരിച്ചടിച്ച് ഇന്ത്യ; ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയക്കെതിരെ 4 റൺസ് ലീഡ്
ഏറെ പ്രതീക്ഷ വച്ച വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. പരമ്പരയുടെ തുടക്കം മുതൽ സ്ലിപ്പിൽ ക്യാച്ച് സമ്മാനിച്ച് പുറത്താകുന്നത് തുടരുന്ന കോഹ്ലി, സിഡ്നിയിലും പതിവു തെറ്റിച്ചില്ല. തുടർച്ചയായ രണ്ടാം ഇന്നിങ്സിലും ബോളണ്ടിന്റെ പന്തിൽ സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്. 12 പന്തിൽ ഒരു ഫോർ സഹിതം ആറു റൺസെടുത്താണ് കോഹ്ലി പുറത്തായത്. ഈ പരമ്പരയിൽ ഇതു നാലാം തവണയാണ് കോഹ്ലി ബോളണ്ടിനു മുന്നിൽ കീഴടങ്ങുന്നത്.
തൊട്ടുപിന്നാലെ, അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന ബ്യൂ വെബ്സ്റ്ററിന് കന്നി വിക്കറ്റ് സമ്മാനിച്ച് ശുഭ്മാൻ ഗില്ലും പുറത്തായതോടെ നാലിന് 78 റൺസ് എന്ന നിലയിലായി ഇന്ത്യ. വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയുടെ തകർപ്പൻ ഡൈവിങ് ക്യാച്ചിലാണ് ഗിൽ പുറത്തായത്. ഇതിനു ശേഷമായിരുന്നു ഋഷഭ് പന്തിന്റെ കടന്നാക്രമണം.
തകർപ്പൻ സെഞ്ചറിയുമായി മെൽബണിൽ വരവറിയിച്ച നിതീഷ് കുമാർ റെഡ‍്ഡി, സിഡ്നിയിൽ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും നിരാശപ്പെടുത്തി. 21 പന്തു നേരിട്ട നാലു റൺസ് മാത്രം നേടിയ നിതീഷിനെ, സ്കോട് ബോളണ്ടിന്റെ പന്തിൽ പാറ്റ് കമ്മിൻസ് ക്യാച്ചെടുത്താണ് പുറത്താക്കിയത്.