എന്നാൽ രാഹുൽ മൂന്നാമനായി ഇറങ്ങുന്നതോടെ ശുഭ്മാൻ ഗിൽ ഏതു സ്ഥാനത്ത് ബാറ്റിങ്ങിനെത്തുമെന്നത് ചോദ്യചിഹ്നമാണ്. നാലാം ടെസ്റ്റിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്താനാണ് ഇന്ത്യ ഒരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ടീമിലേക്ക് മടങ്ങിയെത്തും.
ബാറ്റിങ്
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ജയ്‌സ്വാളും വിരാട് കോഹ്‌ലിയും സെഞ്ചുറി നേടിയെങ്കിലും അടുത്ത രണ്ട് ടെസ്റ്റുകളിൽ ബാറ്റർമാർ നിരാശപ്പെടുത്തി, അതിൽ ഒന്ന് അഡ്ലെയ്ഡ് ഓവലിൽ വലിയ തോൽവിയിൽ കലാശിച്ചു. ആറ് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് അർധസെഞ്ചുറികളുമായി രാഹുൽ മാത്രമാണ് സ്ഥിരത കാണിച്ചത്. നിലവിൽ ട്രാവിസ് ഹെഡിന് പിന്നാലെ പരമ്പരയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനാണ് അദ്ദേഹം.
advertisement
193 റൺസുമായി ജയ്സ്വാളാണ് മൂന്നാം സ്ഥാനത്ത്. എന്നാൽ ഇതിൽ 161 റൺസും ആദ്യടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ ജയ്സ്വാൾ നേടിയതാണ്. വിരാട് കോഹ്ലി ആദ്യ ടെസ്റ്റിൽ 100 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും ബാക്കി 5 ഇന്നിങ്സുകളിൽ നിന്ന് 26 റൺസ് മാത്രമാണ് നേടാനായത്. മറുവശത്ത് ക്യാപ്റ്റൻ രോഹിത് ശർമയും മോശം ഫോം തുടരുകയാണ്. മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 19 റൺസാണ് അദ്ദേഹത്തിന്റെ സംഭാവന.
ഇതിനിടെ, മധ്യനിരയിൽ തുടരുമോ അതോ മെൽബണില്‍ ഓപ്പണറായി തിരിച്ചെത്തുമോ എന്ന് സ്ഥിരീകരിക്കാൻ രോഹിത് വിസമ്മതിച്ചു. “ആരാണ് എവിടെ ബാറ്റ് ചെയ്യുന്നതെന്ന് ഓർത്ത് വിഷമിക്കേണ്ടതില്ല. ഇവിടെ ചർച്ച ചെയ്യേണ്ട ഒന്നല്ല അത്. ടീമിന് ഏറ്റവും ഉചിതമായത് ചെയ്യും” ചൊവ്വാഴ്ച രോഹിത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പുറത്തേക്ക് ആര്? നിതീഷോ ഗില്ലോ?
രണ്ടാം സ്പിന്നറായി വാഷിങ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയാൽ, ഫോമിലുള്ള നിതീഷ് റെഡ്ഡിക്കോ ശുഭ്മാൻ ഗില്ലിനോ പുറത്തേക്ക് വഴിതുറക്കും. പെർത്തിൽ അരങ്ങേറ്റം കുറിച്ച നിതീഷ് റെഡ്ഡി അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 179 റൺസും രണ്ട് വിക്കറ്റും നേടിയിട്ടുണ്ട്. എന്നാൽ ഗില്ലിന്റെ ഫോമിൽ ടീമിന് ആശങ്കയുണ്ട്. മൂന്ന് ഇന്നിംഗ്സുകളിൽ നിന്ന് 60 റൺസ് മാത്രമാണ് ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നത്.