ആറിന് 336 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിങ് പുനഃരാരംഭിച്ചത്. രണ്ടാം ദിവസം ആദ്യ സെഷനിൽ 60 റൺസ് മാത്രമാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. 277 പന്തുകളില്‍നിന്നാണ് യശസ്വി ഡബിൾ സെഞ്ചുറി തികച്ചത്. 290 പന്തുകളിൽനിന്ന് 209 റൺസെടുത്ത് താരം പുറത്തായി. 22 വയസ്സുകാരനായ താരം നേരത്തേ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ഇറാനി കപ്പ് എന്നിവയിലും ഡബിൾ സെഞ്ചുറി അടിച്ചിട്ടുണ്ട്.
രാവിലെ കളി തുടങ്ങി അധികം വൈകാതെ ആർ അശ്വിനെ ഇന്ത്യക്ക് നഷ്ടമായി. 37 പന്തുകളിൽ 20 റൺസെടുത്ത താരത്തെ ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. ഡബിൾ സെഞ്ചുറി നേടിയതിനു പിന്നാലെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ജയ്സ്വാളും മടങ്ങി. ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ ബൗണ്ടറിക്ക് ശ്രമിച്ച ജയ്സ്വാളിനെ ജോണി ബെയർസ്റ്റോ ക്യാച്ചെടുത്തു പുറത്താക്കി. ജസ്പ്രീത് ബുമ്ര (9 പന്തിൽ 6), മുകേഷ് കുമാർ (പൂജ്യം) എന്നിവർക്കും തിളങ്ങാനായില്ല. 42 പന്തിൽ എട്ടു റൺസുമായി കുൽദീപ് യാദവ് പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സൻ, ഷൊയ്ബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ 3 വിക്കറ്റുകൾ വീതം വീഴ്ത്തി.
advertisement
രഞ്ജി ട്രോഫി മത്സരങ്ങൾക്കു സമാനമായ ഫ്ലാറ്റ് ട്രാക്ക് പിച്ചായിരുന്നു വിശാഖപട്ടണത്തിലേത്. ഒന്നാം ഇന്നിങ്സിൽ ശരാശരി 478 റൺസ് ചരിത്രമുള്ള പിച്ചിൽ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ നിസ്സംശയം ബാറ്റിങ് തിരഞ്ഞെടുത്തു. പിച്ചിൽ കാര്യമായ സ്വിങ്ങോ ടേണോ ഇല്ലാതിരുന്നിട്ടും കരുതലോടെയാണ് ഇന്ത്യൻ ഓപ്പണർമാർ തുടങ്ങിയത്. സ്കോർ 40ൽ നിൽക്കെ, ഇംഗ്ലണ്ടിന്റെ അരങ്ങേറ്റ താരം ഷൊയ്ബ് ബഷീറിന്റെ ലെഗ് സ്റ്റംപിനു പുറത്തേക്കു തിരിഞ്ഞ പന്തിൽ ഗ്ലാൻസിനു ശ്രമിച്ച രോഹിത് ശര്‍മയാണ് (14) ആദ്യം വിക്കറ്റ് വലിച്ചെറിഞ്ഞത്.
പിന്നാലെയെത്തിയ ശുഭ്മൻ ഗില്ലിനു നല്ല തുടക്കം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. പേസർ ജയിംസ് ആൻഡേഴ്സന്റെ ഓഫ് സ്റ്റംപിനു പുറത്തുപോയ പന്തിലേക്ക് ബാറ്റു വച്ച ഗിൽ (34) വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനു ക്യാച്ച് നൽകി മടങ്ങി. 7 ഇന്നിങ്സിനിടെ ഇത് അഞ്ചാം തവണയാണ് ഗില്ലിനെ ആൻഡേഴ്സൻ പുറത്താക്കുന്നത്. നാലാമനായെത്തിയ ശ്രേയസ് അയ്യരും (27) അരങ്ങേറ്റക്കാരൻ രജത് പാട്ടിദാറും (32) അക്ഷർ പട്ടേൽ (27) കെ എസ്ഭരത് (17) എന്നിവരും നന്നായി തുടങ്ങി അനാവശ്യ ഷോട്ടിലൂടെ പുറത്തായി.
ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ 3 മാറ്റങ്ങളുമായാണ് ഇറങ്ങിയത്. കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, കുല്‍ദ്വീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ഒന്നാം ടെസ്റ്റില്‍ കളിച്ച കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റു പിന്മാറിയതുകൊണ്ടാണ് കാര്യമായ മാറ്റത്തിന് അരങ്ങൊരുങ്ങിയത്.