നേരത്തെ ടോസ്സ് നഷ്ടപ്പെട്ട ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീം 191 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി (50), ഷാര്‍ദുല്‍ ഠാക്കൂര്‍ (57) എന്നിവരുടെ അര്‍ധസെഞ്ചുറികളായിരുന്നു. ഇവരൊഴികെ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ഷാര്‍ദുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 33 പന്തില്‍ ടി20 ശൈലിയിലാണ് താരം അര്‍ധസെഞ്ചുറി കുറിച്ചത്.
ഒരിടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചെത്തിയ ക്രിസ് വോക്സാണ് ഇന്ത്യന്‍ നിരയെ തകര്‍ത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ വോക്സിന് മികച്ച പിന്തുണ നല്‍കി ഒലി റോബിന്‍സണ്‍ മൂന്നും, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
advertisement
ഓപ്പണര്‍മാരായ രാഹുലും രോഹിതും ശ്രദ്ധയോടെയാണ് കളി തുടങ്ങിയത്. ഇംഗ്ലീഷ് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇവര്‍ സ്‌കോര്‍ബോര്‍ഡിലേക്ക് പതിയെ റണ്‍സ് ചേര്‍ത്തു. ആദ്യ എട്ട് ഓവറുകളില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് അധികം അവസരം നല്‍കാതെ മുന്നേറിയ ഇന്ത്യന്‍ സഖ്യത്തെ പൊളിച്ചത് ഒരിടവേളയ്ക്ക് ശേഷം ടീമിലേക്കെത്തിയ ക്രിസ് വോക്സ് ആയിരുന്നു. മത്സരത്തില്‍ താരം എറിഞ്ഞ ആദ്യ ഓവറില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയെ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളില്‍ എത്തിച്ചാണ് വോക്സ് കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തുകളില്‍ 11 റണ്‍സ് നേടി രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 28. പിന്നീട് അഞ്ച് ഓവറുകള്‍ക്ക് ശേഷം ഇതേ സ്‌കോറില്‍ രാഹുലിനെയും മടക്കി ഒലി റോബിന്‍സണ്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നല്‍കി.
ലീഡ്‌സ് ടെസ്റ്റില്‍ 91 റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയതിന്റെ സൂചന നല്‍കിയ ചേതേശ്വര്‍ പൂജാര വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. ഇന്ത്യന്‍ സ്‌കോര്‍ 39ല്‍ നില്‍ക്കെ ആന്‍ഡേഴ്‌സന്റെ മനോഹരമായ ഔട്ട് സ്വിങ്ങറിലേക്ക് ബാറ്റ് വെച്ച പൂജാരയുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് ബെയര്‍സ്റ്റോയുടെ കൈകളിലേക്കാണ് ചെന്നത്. പിന്നീട് രഹാനെയ്ക്ക് പകരം ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നേടി വന്ന ജഡേജ കോഹ്ലിക്കൊപ്പം ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷനില്‍ 50 കടത്തിയെങ്കിലും ലഞ്ചിന് പിന്നാലെ ജഡേജയെവീഴ്ത്തി ക്രിസ് വോക്‌സ് ഇന്ത്യയെ വീണ്ടും പ്രതിസന്ധിയിലാക്കി.
രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറിക്കായി കാത്തിരിക്കുന്ന കോഹ്ലിയുടെ ഊഴമായിരുന്നു അടുത്തത്. ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ട് നയിച്ച താരത്തിന് തുടക്കത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നല്‍കിയ ജീവന്‍ മുതലെടുക്കാന്‍ കഴിഞ്ഞില്ല. പരമ്പരയില്‍ ഓഫ് സ്റ്റമ്പിന് പുറത്ത് പോവുന്ന പന്തിലേക്ക് ബാറ്റ് വെച്ച താരം ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. ഒലി റോബിന്‍സണായിരുന്നു വിക്കറ്റ്. അര്‍ധസെഞ്ചുറി നേടിയ കോഹ്ലി അഞ്ചാം വിക്കറ്റില്‍ രഹാനെയുമൊത്ത് 36 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമാണ് മടങ്ങിയത്. കോഹ്ലി പുറത്തായ അതേ മാതൃകയില്‍ പിന്നാലെ തന്നെ രഹാനെയും പുറത്തായി. ചായക്ക് തൊട്ടു മുമ്പ് ക്രെയ്ഗ് ഓവര്‍ടണിന്റെ പന്തില്‍ സ്ലിപ്പില്‍ മോയിന്‍ അലിക്ക് ക്യാച്ച് നല്‍കി രഹാനെ മടങ്ങുകയായിരുന്നു. ചായക്ക് ശേഷം കളി വീണ്ടും തുടങ്ങിയതിന് പിന്നാലെ ബാറ്റിങ്ങില്‍ ഇന്ത്യയുടെ ബാക്കി പ്രതീക്ഷയായിരുന്ന ഋഷഭ് പന്തിനെ മടക്കി വോക്സ് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു.
പന്ത് ഏഴാമനായി പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് വെറും 127 റണ്‍സായിരുന്നു. എന്നാല്‍ പിന്നീട് ഇംഗ്ലണ്ട് ബൗളിങ്ങിന് മേല്‍ ഷാര്‍ദുലിന്റെ കടന്നാക്രമണമാണ് കണ്ടത്. തുടര്‍ച്ചയായി ബൗണ്ടറികളും സിക്‌സറും പറത്തിയ ഷര്‍ദ്ദുല്‍ 33 പന്തില്‍ തന്റെ രണ്ടാം ടെസ്റ്റ് അര്‍ധസെഞ്ചുറി കുറിച്ചു. എട്ടാം വിക്കറ്റില്‍ ഉമേഷ് യാദവുമൊത്ത് 63 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ഷാര്‍ദുലിന്റെ ഇന്നിംഗ്‌സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 10 റണ്‍സെടുത്ത ഉമേഷ് അവസാന ബാറ്റ്‌സ്മാനായി പുറത്തായി. ഷാര്‍ദുല്‍ പുറത്തായതിന് പിന്നാലെ ഒരു റണ്‍സ് കൂടി കൂട്ടിചേര്‍ക്കുമ്പോഴേക്കും ശേഷിക്കുന്ന രണ്ട് വിക്കറ്റും ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു.