ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയ സാധ്യതകളുണ്ടായിരുന്നുവെങ്കിലും മഴ വില്ലനായെത്തിയതോടെ ചരിത്ര ജയം നേടാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമാവുകയായിരുന്നു. ആദ്യ ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം പുറത്തെടുത്ത് വിജയത്തിനരികെ വരെയെത്തിയെങ്കിലും അതിന് സാധിക്കാതെ പോയ ഇന്ത്യ, വിജയം വെട്ടിപ്പിടിക്കാനുറച്ചാണ് രണ്ടാം ടെസ്റ്റിനുള്ള മുന്നൊരുക്കം നടത്തുന്നത്.
രണ്ടാം മത്സരം നാളെ ആരംഭിക്കുവാനിരിക്കെ ഇരു ടീമുകള്‍ക്കും താരങ്ങളുടെ പരിക്കുകള്‍ തിരിച്ചടി സമ്മാനിക്കുകയാണ്. പരിക്ക് കാരണം ആദ്യ ടെസ്റ്റിന് മുന്‍പായി ചില പ്രമുഖ താരങ്ങളെ അടക്കം നഷ്ടമായ ഇരു ടീമിനും ഇപ്പോഴും ദുഃഖകരമായ വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഇരു ടീമുകളിലെയും ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് ഇപ്പോള്‍ പരിക്കിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്നത്.
advertisement
ഇന്ത്യന്‍ പേസ് ബൗളിംഗ് നിരയില്‍ ആദ്യ ടെസ്റ്റില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച ഷര്‍ദൂല്‍ താക്കൂറിനാണ് പരിക്കിന്റെ ചില സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സുകളില്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ താക്കൂര്‍ വീണ്ടും ഹാംസ്ട്രിങ് ഇഞ്ചുറിയുടെ ചില സൂചനകളാണ് കാണിക്കുന്നത്. ഇന്ത്യന്‍ ടീം മെഡിക്കല്‍ സംഘം താരത്തിന്റെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ കൈകൊള്ളും.
അതേസമയം ആദ്യം ടെസ്റ്റില്‍ തോല്‍വി മുന്നില്‍കണ്ട ഇംഗ്ലണ്ട് ടീമിന് നിരാശകള്‍ സമ്മാനിക്കുന്നത് സീനിയര്‍ പേസറായ ബ്രോഡിന്റെ പരിക്ക് സംബന്ധിച്ച ചില വാര്‍ത്തകളാണ്. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ താരം നിലവില്‍ ഇംഗ്ലണ്ട് ടീം പരിശീലന സെക്ഷനില്‍ പങ്കാളിയായി എങ്കിലും കൂടുതല്‍ പരിശോധനകള്‍ക്കായി താരം നാളെ സ്‌കാനിങ്ങിനും മറ്റും വിധേയനാകും.
മഴ കളി മുടക്കിയതിനാല്‍ അഞ്ചാം ദിവസത്തെ കളി ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചത്. ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സില്‍ 303 റണ്‍സ് നേടി ഇന്ത്യക്ക് മുന്നില്‍ 209 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. നാലാം ദിനത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംങ്സ് തുടങ്ങി കളി അവസാനിപ്പിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് എന്ന നിലയിലായിരുന്നു.
അവസാന ദിനത്തില്‍ 157 റണ്‍സ് സ്വന്തമാക്കിയാല്‍ ജയിക്കാം എന്നിരിക്കെ ഇന്ത്യ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ അഞ്ചാം ദിനത്തില്‍ നിര്‍ത്താതെ പെയ്ത മഴ ആദ്യ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാമെന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷകളെ കെടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങള്‍ പരമ്പരയിലുള്ളതിനാല്‍ ഈ ജയം ഇന്ത്യക്ക് വലിയ ആത്മവിശ്വാസവും നല്‍കുമായിരുന്നു.