ഓൾഡ് ട്രാഫോർഡിലെ കഴിഞ്ഞ 88 വർഷത്തെ ഇന്ത്യയുടെ ടസ്റ്റ് മത്സര ചരിത്രത്തിൽ ഇതുവരെ വെറും 8 ബാറ്റ്സ്മാൻമാർ മാത്രമാണ് സെഞ്ച്വറി നേട്ടം കൈവരിച്ചത്. 1990 ൽ ആണ് ഓൾഡ് ട്രാഫോർഡിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ അവസാനമായി സെഞ്ച്വറി നേടിയത്. അതും ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേട്ടം. അതിന് ശേഷം ഓൾഡ് ട്രാഫോർഡിൽ ഒരു ഇന്ത്യൻ ബാറ്റ്സ്മാനും സെഞ്ച്വറി നേടിയിട്ടില്ല. ഇംഗളണ്ട് പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ സച്ചിന് ശേഷം ഓൾഡ് ട്രാഫോഡിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമാകുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകർ. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ച്വറികൾ നേടിയ ഗിൽ, മുൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിനെ മറികടന്ന് ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ബാറ്റ്സ്മാനായി മാറിയിരുന്നു.
advertisement
1936 ൽ സയ്യിദ് മുഷ്താഖ് അലിയും വിജയ് മർച്ചന്റുമാണ് ഓൾഡ് ട്രാഫോർഡിൽ ആദ്യമായി സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരങ്ങൾ. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു ഇരുവരുടെയും സെഞ്ച്വറി നേട്ടം. സമനിലയിൽ അവസാനിച്ച മത്സരത്തിൽ അലി 112 റൺസും മർച്ചന്റ് 114 റൺസും നേടി. പിന്നീട് 1959 ൽ, അബ്ബാസ് അലി ബെയ്ഗ് ഈ വേദിയിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി. 1990 ൽ സച്ചിൻ ടെണ്ടുൽക്കർ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി, രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ 119 റൺസ് നേടിയതായിരുന്നു സച്ചിന്റെ സെഞ്ച്വറി പ്രകടനം. അതേ മത്സരത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ആദ്യ ഇന്നിംഗ്സിൽ 179 റൺസ് നേടിയിരുന്നു.
ഓൾഡ് ട്രാഫോർഡിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുടെ ടെസ്റ്റ് സെഞ്ച്വറി നേട്ടം
ഓൾഡ് ട്രാഫോർഡിൽ ഇതുവരെ, 9 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യ ഒരു മത്സരങ്ങളിലും വിജയിച്ചിട്ടില്ല.1952, 1959, 1974, 2014 എന്നീ വർഷങ്ങളിൽ ഇംഗ്ലീഷ് ടീം നാല് തവണ വിജയിച്ചു, മറ്റ് 5 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. 2014 ന് ശേഷം ആദ്യമായാണ് ഇന്ത്യയും ഇംഗ്ളണ്ടും ഓൾഡ് ട്രാഫോർഡിൽ ഏറ്റുമുട്ടുന്നത്.