ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലെ പ്രകടനം പരമ്പരയുടെ ഗതി നിർണയിച്ചേക്കാം എന്നതിനാൽ ഇരു ടീമുകളും ഈ മത്സരത്തെ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്. ലീഡ്‌സിൽ ജയിച്ച് പരമ്പരയിൽ ലീഡ് ഉയർത്താൻ ലക്ഷ്യമിടുന്ന വിരാട് കോഹ്ലി ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ നടത്താൻ മുതിർന്നേക്കില്ല.
പരമ്പരയിലെ പ്രകടനത്തിൽ ബൗളിംഗ് വിഭാഗവുമായി താരതമ്യം ചെയ്യുമ്പോൾ ബാറ്റിങ്ങിൽ ഇന്ത്യ അല്പം പുറകിലാണ്, പ്രത്യേകിച്ചും മധ്യനിരയിൽ. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവർക്ക് വലിയ സ്‌കോറുകൾ നേടാൻ കഴിയുന്നില്ല എന്നത് ചെറിയ ആശങ്ക നൽകുന്നു. ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ബാറ്റ്സ്മാൻ ആയ പുജാരയാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്. പുജാരയ്ക്ക് പകരം സൂര്യകുമാര്‍ യാദവിനെ പരിഗണിക്കണമെന്ന് അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല. മധ്യനിരയിൽ ഇവരുടെ പ്രകടനമാകും ഇന്ത്യക്ക് ഈ പരമ്പരയിൽ നിർണായകമാവുക.
advertisement
അതേസമയം ലീഡ്‌സിലെ പിച്ചിൽ നിന്നും അവസാന രണ്ട് ദിവസങ്ങളിൽ സ്പിന്നർമാർക്ക് പിന്തുണ ലഭിക്കുമെന്നാണ് വിവരം. അതിനാല്‍ത്തന്നെ ആദ്യ രണ്ട് മത്സരങ്ങളിൽ പുറത്തിരുന്ന ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും. ആദ്യ രണ്ട് ടെസ്റ്റുകളിൽ അശ്വിന് പകരം വന്ന ജഡേജ ബാറ്റ് കൊണ്ട് മികച്ച പ്രകടനം തന്നെ നടത്തിയെങ്കിലും താരത്തിന് വിക്കറ്റ് ഒന്നും തന്നെ ലഭിച്ചിരുന്നില്ല.
ഷാർദുൽ ഠാക്കുർ പരിക്കിൽ നിന്ന് മുക്തനായെങ്കിലും ലോഡ്‌സ് ടെസ്റ്റ് കളിച്ച നാല് പേസർമാരെ തന്നെയാകും ലീഡ്‌സിലെ മൂന്നാം ടെസ്റ്റിലും ഇന്ത്യ കളിപ്പിക്കുക. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ് എന്നിവരെല്ലാം തന്നെ മികച്ച ഫോമിലാണ്. ലോഡ്‌സ് ടെസ്റ്റിൽ ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും ഇവർക്കും തിളങ്ങാൻ കഴിഞ്ഞത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഓപ്പണര്‍മാരുടെ പ്രകടനവും വലിയ പ്രതീക്ഷ നല്‍കുന്നു. രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ സഖ്യം മികച്ച രീതിയിലാണ് പരമ്പരയിൽ ബാറ്റ് ചെയ്ത് മുന്നേറുന്നത്.
2002ലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ലീഡ്‌സിൽ അവസാനമായി ടെസ്റ്റ് കളിച്ചത്. അതിനാൽ തന്നെ നിലവിൽ ഇരു ടീമുകളിലുമുള്ള കളിക്കാർ ആദ്യമായാണ് ലീഡ്‌സിൽ തമ്മിൽ ടെസ്റ്റ് കളിക്കാൻ ഇറങ്ങുന്നത്. ഈ അവസ്ഥയിൽ ടീമിലെ സീനിയർ താരങ്ങൾ അവസരത്തിനൊത്ത് ഉയരുക എന്നത് നിർണായകമാകും. ബൗളർമാർക്ക് കൂടുതൽ പിന്തുണ ലഭിക്കുന്ന ഇംഗ്ലണ്ടിൽ ബാറ്റിംഗ് നിരയുടെ പ്രകടനം നിർണായകമാകും.
പരമ്പരയിൽ പിന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടിന് താരങ്ങളുടെ പരിക്ക് ഭീഷണി വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ലോഡ്‌സ് ടെസ്റ്റിൽ മികച്ച പ്രകടനം പുറത്തെടുത്ത മാർക്ക് വുഡ് പരിക്കേറ്റ് പുറത്തായത് അവർക്ക് വലിയ തിരിച്ചടിയാണ്. പരിക്കിന് പുറമെ ബാറ്റിങ്ങും ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ക്യാപ്റ്റൻ ജോ റൂട്ടിനെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയാണ് നിലവിൽ ഇംഗ്ലണ്ട് ടീമിനുള്ളത്. ബാക്കിയുള്ള താരങ്ങൾ മികച്ച തുടക്കം നേടിയ ശേഷം വിക്കറ്റ് വലിച്ചെറിയുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മികവുറ്റ ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് മുന്നിൽ നിലയുറപ്പിക്കാൻ അവർക്ക് കഴിയുന്നില്ല എന്നതും പോരായ്മയാണ്.
ഓൾ റൗണ്ടറായ ബെൻ സ്റ്റോക്സിന്റെയും പേസർ ജോഫ്രാ ആർച്ചറുടെയും അഭാവം ടീമിലുണ്ട്. ന്യൂസീലന്‍ഡിനോട് നാട്ടില്‍ പരമ്പര കൈവിട്ട ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരേ ജയിക്കാനായില്ലെങ്കില്‍ ജോ റൂട്ടിന്റെ ക്യാപ്റ്റന്‍സി തെറിക്കാനുള്ള സാധ്യത ഏറെയാണ്. ബാറ്റിങ്ങിൽ മികച്ച രീതിയിൽ മുന്നേറുമ്പോഴും ക്യാപ്റ്റൻ എന്ന നിലയിൽ റൂട്ട് സമ്മർദ്ദങ്ങൾക്ക് കീഴ്‌പ്പെടുന്നു എന്ന വിലയിരുത്തലുണ്ട്.
നാളെ ഇന്ത്യൻ സമയം 3:30നാണ് മത്സരം ആരംഭിക്കുന്നത്. സോണി ചാനലുകളിലും സോണി ലിവിലും മത്സരം തത്സമയം കാണാം.
