റോഹിത് ശർമ 62(77), ശിഖർ ധവാൻ 28(27), വിരാട് കോഹ്ലി 60 (74), അമ്പാട്ടി റായിഡു 40 (42). ദിനേശ് കാർത്തിക് 38(38) എന്നിവർ തിളങ്ങിയപ്പോൾ മൂന്നാം ഏകദിനത്തിലും വിജയം ഇന്ത്യക്കൊപ്പം നിന്നു. ഇതു രണ്ടാം തവണയാണ് ഇന്ത്യ ന്യൂസിലാന്റിൽ ഏകദിന പരമ്പര നേടുന്നത്. 2009ൽ ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയിരുന്നു.
ആദ്യ രണ്ടുകളിലുമെന്നപോലെ പൊരുതാൻപോലും ആകാതെയാണ് ന്യൂസിലാന്റ് കീഴടങ്ങിയത്. 93 റൺസെടുത്ത റോസ് ടെയ്ലറും 51 റൺസെടുത്ത ടോം ലോതവുമാണ് കിവീസ് നിരയിൽ തിളങ്ങിയത്. മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച കിവീസ് തുടക്കം തകർച്ചയോടെയായിരുന്നു. പരമ്പര വിജയം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ ഷമി മികച്ച തുടക്കം സമ്മാനിച്ചു. കോളിൻ മൺറോയെ രോഹിത് ശർമയുടെ കൈകളിലെത്തിച്ചപ്പോൾ കിവീസ് സ്കോർബോർഡിൽ 10 റൺസ് മാത്രം. കൂട്ടത്തകർച്ചയിലേക്കു നീങ്ങിയ ന്യൂസിലാന്റിനെ നാലാം വിക്കറ്റിൽ റോസ് ടെയ്‌ലർ – ടോം ലാതം കൂട്ടുകെട്ട് പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് 119 റൺസാണ് നേടിയത്. ടെയ്‍ലർ 106 പന്തിൽ ഒൻപതു ബൗണ്ടറി സഹിതം 93 റൺസോടെയും ലാതം 64 പന്തിൽ ഒന്നു വീതം സിക്സും ബൗണ്ടറിയും സഹിതം 51 റൺസെടുത്തും പുറത്തായി. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ ഹാർദിക് പാണ്ഡ്യ 10 ഓവറിൽ 45 റൺസ് വഴങ്ങിയാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്. ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ മടക്കിയ പാണ്ഡ്യയുടെ തകർപ്പൻ ക്യാച്ചും ശ്രദ്ധിക്കപ്പെട്ടു.
മാർട്ടിൻ ഗപ്റ്റിൽ 13 (15), കോളിൻ മൺറോ 7(9) കെയ്ൻ വില്യംസൺ 28(48), ഹെൻറി നിക്കോൾസ് 6(8), മിച്ചൽ സാന്റ്നർ 3(9), ഡഗ് ബ്രേസ്‌വെൽ 15(18), ഇഷ് സോധി 12(12), ട്രെന്റ് ബൗൾട്ട് 2(4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ലോക്കി ഫെർഗൂസൺ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പേശീവലിവ് മൂലം വിട്ടുനില്‍ക്കുന്ന ധോനിക്ക് പകരം ദിനേശ് കാര്‍ത്തിക്ക് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിഞ്ഞു. ടിവി അഭിമുഖത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ വിലക്ക് നേരിട്ട ഹാര്‍ദിക് പാണ്ഡ്യയും ടീമില്‍ തിരിച്ചെത്തിയപ്പോൾ വിജയ് ശങ്കർ പുറത്തായി. ന്യൂസിലാന്റ് നിരയിൽ മിച്ചല്‍ സാന്റ്‌നര്‍ തിരിച്ചെത്തിയപ്പോള്‍ കൊളിന്‍ ഡി ഗ്രാന്ദ്രോം ടീമിന് പുറത്തായി.
ആദ്യ മൂന്നു മത്സരങ്ങൾ വിജയിച്ച് പരമ്പര ഉറപ്പാക്കിയാണ് ക്യാപ്റ്റൻ വിരാട് കോഹ്‍ലി നാട്ടിലേക്കു മടങ്ങുന്നത്. പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളിൽനിന്ന് സിലക്ടർമാർ കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരുന്നു. അതിനു ശേഷമുള്ള ട്വന്റി20 പരമ്പരയിലും കോഹ്‍ലിയുണ്ടാകില്ല. രോഹിത് ശർമയാണ് പകരം ഇന്ത്യയെ നയിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര നേട്ടത്തിനു പിന്നാലെ ന്യൂസീലൻഡിലും പരമ്പര സ്വന്തമാക്കാനായത്, ഏകദിന ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ ഇന്ത്യയ്ക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ലോകകപ്പിന് മുൻപ് ഇനി ഓസ്ട്രേലിയക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പരമാത്രമാണ് അവശേഷിക്കുന്നത്.