ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യയുടേത്. രോഹിത് ശര്‍മയും യശസ്വി ജയ്‌സ്വാളും ചേർന്ന് നാലോവറില്‍ 28 റണ്‍സെടുത്തു. നാന്ദ്ര ബര്‍ഗര്‍ എറിഞ്ഞ അഞ്ചാമത്തെ ഓവറിലെ ആദ്യ മൂന്നു പന്തുകളും രോഹിത് ഫോറടിച്ചു. എന്നാല്‍ അഞ്ചാം പന്തില്‍ താരം പുറത്തായി. എട്ടു പന്തില്‍ നിന്ന് 14 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. പിന്നാലെ ജയ്‌സ്വാളും മടങ്ങിയതോടെ ടീം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലായി.
മൂന്നാം വിക്കറ്റില്‍ വിരാട് കോഹ്ലിയും ഋതുരാജ് ഗെയ്ക്വാദും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചു. ഇതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങി. 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലായിരുന്നു ടീം. പിന്നാലെ ബൗണ്ടറികളുമായി കളം നിറഞ്ഞതോടെ താരങ്ങള്‍ അര്‍ധസെഞ്ചുറിയും തികച്ചു. ആദ്യം ഗെയ്ക്വാദും തൊട്ടുപിന്നാലെ കോഹ്ലിയും അർധ സെഞ്ചുറി തികച്ചതോടെ ടീം 150- കടന്നു. പിന്നീട് ഓരോ ഓവറിലും കൃത്യമായ റണ്‍റേറ്റോടെ ഇന്ത്യ മുന്നോട്ടേയ്ക്ക് കുതിച്ചു. 30-ാം ഓവറില്‍ സ്‌കോര്‍ 200 കടന്നു.
advertisement
മികച്ച ഫോമിൽ ബാറ്റേന്തിയ ഗെയ്ക്വാദ് 77 പന്തിൽ സെഞ്ചുറി തികച്ചു. എന്നാൽ 105 റൺസിൽ നിൽക്കെ ഗെയ്ക്വാദ് പുറത്തായി. ഗിയർ മാറ്റിയ കോഹ്ലി ഫോറുകളും സിക്സറുകളും കൊണ്ട് അതിവേഗം സ്കോറുയർത്തി. പിന്നാലെ സെഞ്ചുറിയുമെത്തി. ഏകദിന ക്രിക്കറ്റിലെ 53-ാമത്തെ സെഞ്ചുറിയാണ് കോഹ്ലിയുടെത്. സെഞ്ചുറി തികച്ചതിന് പിന്നാലെ കോഹ്ലിയും വേഗം മടങ്ങി. 93 പന്തില്‍ നിന്ന് 102 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഏഴുഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.
കോഹ്ലിയും ഗെയ്ക്വാദും പുറത്തായതോടെ ഇന്ത്യ 4ന് 184 എന്ന നിലയിലായി. ഒരു റണ്ണെടുത്ത വാഷിങ്ടണ്‍ സുന്ദര്‍ റണ്ണൗട്ടായി. എന്നാല്‍ ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് സ്‌കോര്‍ 300 കടത്തി. ജഡേജയെ ഒരുവശത്തുനിര്‍ത്തി രാഹുല്‍ ബൗളര്‍മാരെ തകര്‍ത്തടിച്ചു. 33 പന്തില്‍ ഇന്ത്യന്‍ നായകന്‍ അര്‍ധസെഞ്ചുറിയും തികച്ചു. അവസാന ഓവറുകളിൽ രാഹുൽ വെടിക്കെട്ട് നടത്തിയതോടെ ടീം 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 358 ലെത്തി. രാഹുൽ 43 പന്തിൽ നിന്ന് 66 റൺസെടുത്തും ജഡേജ 24 റൺസെടുത്തും പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ യാൻസൻ 2 വിക്കറ്റെടുത്തു.
