കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 59 പന്തില്‍ നിന്ന് 96 റണ്‍സ് അടിച്ചുകൂട്ടിയ ഈ സഖ്യം പിരിച്ചത് സ്പിന്നര്‍ കേശവ് മഹാരാജാണ്. 37 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 43 റണ്‍സെടുത്ത രോഹിത്തിനെയാണ് ആദ്യം മഹാരാജ് പുറത്താക്കിയത്. പിന്നാലെ രാഹുലിനെയും മഹാരാജ് വീഴ്ത്തി. 28 പന്തില്‍ നിന്ന് നാല് സിക്‌സും അഞ്ച് ഫോറുമടക്കം 57 റണ്‍സെടുത്ത് തകര്‍പ്പന്‍ ഫോമിലായിരുന്ന രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു.
advertisement
Also Read- സഞ്ജു സാംസൺ ടീമിൽ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഇതിനിടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ 400 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടവും രോഹിത് സ്വന്തമാക്കി.
രോഹിത്തും രാഹുലും പുറത്തായ ശേഷം സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ടായിരുന്നു മൈതാനത്ത്. വെറും 18 പന്തില്‍ നിന്ന് 50 തികച്ച സൂര്യകുമാർ 22 പന്തില്‍ നിന്ന് അഞ്ച് സിക്‌സും അഞ്ച് ഫോറുമടക്കം 61 റണ്‍സെടുത്ത് റണ്ണൗട്ടാകുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ - വിരാട് കോഹ്ലി സഖ്യം ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരെ തലങ്ങും വിലങ്ങും പറത്തി. ഇരുവരും തകര്‍ത്തടിച്ചതോടെ 17.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 200 കടന്നു. 102 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 28 പന്തുകള്‍ നേരിട്ട കോഹ്ലി ഒരു സിക്‌സും ഏഴ് ഫോറുമടക്കം 49 റണ്‍സോടെ പുറത്താകാതെ നിന്നു. ദിനേശ് കാര്‍ത്തിക്ക് ഏഴു പന്തില്‍ നിന്ന് 17 റണ്‍സെടുത്തു.
കേശവ് മഹാരാജ് ഒഴികെയുള്ള ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തി. വെയ്ന്‍ പാര്‍നല്‍ നാല് ഓവറില്‍ 54 റണ്‍സും ലുങ്കി എന്‍ഗിഡി 49 റണ്‍സും കാഗിസോ റബാദ 57 റണ്‍സും ആന്റിച്ച് നോര്‍ക്യ മൂന്ന് ഓവറില്‍ 41 റണ്‍സും വഴങ്ങി.
ഈ മത്സരം വിജയിച്ചാൽ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കും.