ടോസ് ലഭിച്ച അസ്ഹറുദ്ദീൻ അന്ന് ഫീൽഡിംഗ് തെരഞ്ഞെടുത്തു. യുക്തമായ തീരുമാനമായിരുന്നു അതെന്ന് കളി തുടങ്ങിയപ്പോഴെ മനസിലായി. രണ്ട് ഓപ്പണർമാരെയും ഉടൻ പുറത്താക്കി ഇന്ത്യ ഗംഭീരമായി തുടങ്ങി. പക്ഷെ അന്നത്തെ കളിയുടെ ഒടുക്കം ഇന്ത്യ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.
Also Read- India Vs England | ബുമ്രയെ പിന്നിലാക്കി ചഹൽ; ടി20 വിക്കറ്റ് വേട്ടയിൽ ഒന്നാമത്
സ്കോർ വെറും രണ്ട് റൺസിൽ എത്തിയപ്പോഴേക്കും സനത് ജയസൂര്യയെയും റൊമേഷ് കലുവിതരണയെയും ജവഗൽ ശ്രീനാഥ് മടക്കി. അരവിന്ദ ഡി സിൽവയ്‌ക്കൊപ്പം ചേർന്ന് അസങ്ക ഗുരുസിംഗ സ്കോർ മെല്ലെ ചലിപ്പിച്ചു. 35 റൺസിൽ എത്തിയപ്പോൾ ഗുരുസിംഗയെ പുറത്താക്കി വീണ്ടും ശ്രീനാഥിന്റെ പ്രഹരം. പതറാതെ നിന്ന ഡി സിൽവ റോഷൻ മഹനാമയെ കൂട്ടുപിടിച്ച് അർദ്ധ സെഞ്ച്വറി നേടി. 47 പന്തിൽ 67 റൺസുമായി മുന്നേറുകയായിരുന്ന ഡി സിൽവയെ ഒടുവിൽ ഇന്ത്യ വിക്കറ്റിന് മുന്നിൽ കുടുക്കി. മഹനാമയും നായകൻ അർജുന രംണതുംഗയും ചേർന്ന് പിന്നീട് ടീമിനെ മുന്നോട്ട് നയിച്ചു. അർദ്ധ സെഞ്വറി നേടിയ മഹാനാമ പരിക്കേറ്റ് കളം വിടുകയും രണതുംഗ 35 റൺസെടുത്ത് പുറത്താവുകയും ചെയ്തതോടെ വൻ സ്കോർ നേടുകയെന്ന ലങ്കയുടെ സ്വപ്നത്തിന് മേൽ കരി നിഴൽ വീണു. എന്നാൽ ഹഷൻ തിലക രത്ന 43 പന്തിൽ നേടിയ 32 റൺസും കൂറ്റനടികളിലൂടെ ചാമിന്ദവാസ് നേടിയ 23 റൺസും എട്ട് വിക്കറ്റിന് 251 എന്ന നിലയിൽ ലങ്കയെ എത്തിച്ചു.
advertisement
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് എട്ട് റൺസ് എടുക്കുന്നതിനിടെ ഓപ്പണർ നവജോദ് സിംഗ് സിദ്ദുവിനെ നഷ്ടമായി. മികച്ച രീതിയിൽ കളിച്ച സച്ചിൻ, മഞ്ജരേക്കർക്ക് ഒപ്പം ചേർന്ന് സ്കോർ 100 നോട് അടുപ്പിച്ചു. 65 റൺസ് എടുത്ത സച്ചിനെ ജയസൂര്യ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. ലങ്കയെ സംബന്ധിച്ച് സച്ചിന്റെ വിക്കറ്റ് ഏറെ പ്രധാനമായിരുന്നു. സച്ചിൻ പുറത്താകുമ്പോൾ ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 166 പന്തിൽ 154 റൺസ് ആയിരുന്നു. എട്ട് വിക്കും കയ്യിൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ അന്നത്തെ ടീം വച്ച് നോക്കുമ്പോൾ തീർത്തും അനായാസമായ ലക്ഷ്യം.
Also Read- ഇന്ത്യയെ ട്രോളിയ മൈക്കൽ വോണിന് തകർപ്പൻ മറുപടിയുമായി വാസിം ജാഫർ
എന്നാൽ എല്ലാം പൊടുന്നനെ മാറി മറഞ്ഞു. ഇന്ത്യ എട്ട് വിക്കറ്റിന് 120 എന്ന നിലയിലേക്ക് കൂപ്പ് കുത്തി. വെറു 22 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ 7 വിക്കറ്റുകൾ വീണു.അസ്ഹറുദ്ദീൻ (0), ശ്രീനാഥ് (6), അജയ് ജഡേജ (0), നയൻ മോംഗിയ (1), ആഷിഷ് കപൂർ (0) എന്നിവർ അതിവേഗം കൂടാരം കയറി. 15.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം കയ്യിൽ ഇരിക്കേ ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 131 റൺസ്. 10 റൺസുമായി വിനോദ് കാംബ്ലിയും റൺസ് ഒന്നും എടുക്കാതെ കുംബ്ലെയും ക്രീസിൽ.
ഇന്ത്യ അന്നുവരെ കണ്ടില്ലാത്ത മോശം സംഭവങ്ങളുടെ തുടക്കം അവിടെ തുടങ്ങുക ആയിരുന്നു. ജീവന് തുല്യം സ്നേഹിക്കുന്ന ടീമിന്റെ പൊടുന്നനെയുള്ള പതനം ഉൾക്കൊള്ളാൻ ഈഡൻഗാർഡനിൽ കൂടി വലിയ ജനക്കൂട്ടത്തിന് കഴിഞ്ഞില്ല. അവർ കയ്യിൽ കിട്ടിയ കുപ്പിയും പ്ലാസ്റ്റിക്ക് കവറുകളും മറ്റും മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. സംഭവം അമ്പയറുടെ ശ്രദ്ധയിൽ പ്പെടുത്തിയ ശ്രീലങ്കൻ ക്യാപ്റ്റൻ രണതുംഗ ഫീൽഡ് ചെയ്യാൻ ആകില്ലെന്ന് അറിയിച്ചു. സ്റ്റേഡിയത്തിൽ അവിടെ ഇവിടങ്ങളിലായി അളുകൾ കടലാസുകൾ കൂട്ടി കത്തിച്ചു. സ്ഥിതി ഗതികൾ വഷളായതോടെ മാച്ച് റഫറി മത്സരത്തിൽ ശ്രീലങ്ക ജയിച്ചതായി പ്രഖ്യാപിച്ചു. 10 റൺസുമായി പുറത്താകെ നിന്ന വിനോദ് കാംബ്ലി കരഞ്ഞു കൊണ്ട് മൈതാനം വിടുന്ന കാഴ്ച്ച ഇന്നും ക്രിക്കറ്റ് പ്രേമികളുടെ ഉള്ള് ഉലക്കുന്നതാണ്.
വലിയ ആവേശത്തോടെയും സന്തോഷത്തോടെയും തുടങ്ങിയ ആ മത്സരം ഒടുവിൽ കണ്ണിരോടെ അവസാനിച്ചു. ഫൈനലിൽ എത്തിയ ശ്രീലങ്ക ഓസ്ട്രേലിയയെ തോൽപ്പിച്ച് ലോക ജേതാക്കൾ ആവുകയും ചെയ്തു.
