ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത സിംബാബ്‌വെ പതിഞ്ഞതാളത്തിലാണ് തുടങ്ങിയത്. ഓപ്പണർമാരായ തകുട്‌സ്വാനാഷെ കൈറ്റാനോയും ഇന്നസെന്റ് കൈയും ചേര്‍ന്ന് അവർക്ക് ഭേദപ്പെട്ട തുടക്കം നൽകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഒമ്പതാം ഓവറിൽ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. കൈറ്റാനോയെ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസന്റെ കൈയിലെത്തിച്ച് സിറാജ് സിംബാബ്‌വെയുടെ ആദ്യ വിക്കറ്റ് നേടി. ഏഴ് റണ്‍സെടുത്ത കൈറ്റാനോയെ മികച്ച ക്യാച്ചിലൂടെ സഞ്ജു മടക്കുകയായിരുന്നു. മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കൈയെ ഷർദുൽ താക്കൂർ സഞ്ജുവിന്റെ കൈകളിൽ എത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ നന്നായി ബാറ്റു ചെയ്ത സിംബാബ്‌വെ ക്യാപ്റ്റൻ റെഗിസ് ചക്കാബ്വയെയും ശാർദുല്‍ മടക്കി. പിന്നാലെ രണ്ട് റണ്‍സെടുത്ത വെസ്ലി മധേവെറെയേ പുറത്താക്കി പ്രസിദ്ധ് കൃഷ്ണയും ആഞ്ഞടിച്ചതോടെ നാലിന് 31 എന്ന സ്‌കോറിലേക്ക് ആതിഥേയർ കൂപ്പുകുത്തി.
advertisement
സ്കോർ നൂറിൽ ഒതുങ്ങുമെന്ന് തോന്നിച്ച ഈഘട്ടത്തിൽ ക്രീസിലൊന്നിച്ച സിക്കന്ദര്‍ റാസയും സീന്‍ വില്യംസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും സ്‌കോര്‍ 50 കടത്തി. എന്നാല്‍ ഈ കൂട്ടുകെട്ടിനും ഭേദപ്പെട്ട സ്കോറിലേക്ക് അവരുടെ ടീമിനെ നയിക്കാൻ കഴിഞ്ഞില്ല. 16 റണ്‍സെടുത്ത റാസയെ കുല്‍ദീപ് ഇഷാന്‍ കിഷന്റെ കൈയിലെത്തിച്ചു. റാസയ്ക്ക് പകരം എത്തിയ റയാൻ ബേളിനൊപ്പം ചേർന്ന് വില്യംസ് സിംബാബ്‌വെയെ മുന്നോട്ടു നയിച്ചു. ഈ കൂട്ടുകെട്ടാണ്. സിംബാബ്‌വെ സ്‌കോര്‍ 100 കടത്താൻ സഹായിച്ചത്. മികച്ച രീതിയിൽ ബാറ്റുചെയ്യുമ്പോൾ അനാവശ്യ ഷോട്ട് കളിച്ച് സീന്‍ വില്യംസ് ദീപക് ഹൂഡയ്ക്ക് വിക്കറ്റ് നൽകി പവലിയനിലേക്ക് പോയി. 42 പന്തുകളില്‍ നിന്ന് 42 റണ്‍സെടുത്താണ് വില്യംസ് മടങ്ങിയത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബോളർമാർ ആതിഥേയരെ 161 റൺസിൽ ഒതുക്കി. എന്നാൽ റയാൻ ബേൾ 39 റൺസെടുത്ത് പുറത്താകാതെ നിന്നു.
പരിക്കിന് ശേഷം തിരിച്ചെത്തിയ ദീപക് ചഹര്‍ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് മികവ് കാണിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തിലേക്ക് വന്നപ്പോള്‍ ശാര്‍ദുല്‍ താക്കൂര്‍ ദീപക്കിന് പകരം പ്ലേയിങ് ഇലവനിലേക്ക് വന്നു. ഫിറ്റ്‌നസ് വീണ്ടെടുത്ത് വരുന്ന സമയം കൂടുതല്‍ ഭാരം ചഹറിലേക്ക് നല്‍കേണ്ടതില്ലെന്ന് ചൂണ്ടിയാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യൻ ടീം- ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ (ക്യാപ്റ്റൻ), ദീപക് ഹൂഡ, സഞ്ജു സാംസൺ (wk), അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്