ടോസ് നഷ്ടപ്പെട്ടത് തിരിച്ചടിയായെന്ന് കരുതിയ മത്സരത്തിൽ വിജയത്തിനുള്ള അടിത്തറയിട്ടത് ഓപ്പണർമാരാണ്. ഷെഫാലി വർമയുടെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്‌സിന് കരുത്തായത്. പരിക്കിനെത്തുടർന്ന് വിട്ടുനിന്ന ശേഷം നോക്കൗട്ട് ഘട്ടത്തിൽ തിരിച്ചെത്തിയ ഷെഫാലി ഫൈനലിൽ 87 റൺസ് നേടി. ടൂർണമെന്റിലെ ഇന്ത്യയുടെ പ്രധാന റൺ സ്കോററായ സ്മൃതി മന്ദന 45 റൺസുമായി പിന്തുണ നൽകി. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 104 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ദീപ്തി ശർമ 58 റൺസും റിച്ചാ ഘോഷ് 34 റൺസും നേടി.
advertisement
299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലോറ വോൾഫാർട്ട് സെഞ്ചുറി നേടി. എന്നാൽ ഫൈനലിലെ സമ്മർദ്ദം ദക്ഷിണാഫ്രിക്കൻ ബാറ്റിംഗിനെ ബാധിച്ചു. അർധസെഞ്ചുറിക്ക് പുറമെ 5 വിക്കറ്റ് പ്രകടനമാണ് ദീപ്തി ശർമ കാഴ്ചവെച്ചത്. മഴയിൽ വൈകിയ ഫൈനൽ കാണാൻ പാതിരാത്രി വരെ കാത്തിരുന്ന ആരാധകർക്ക് ആനന്ദം നീലാകാശത്തോളം
ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച കപിൽ ദേവ്, ധോണി, രോഹിത് ശർമ എന്നിവർക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്യാപ്റ്റനാണ് ഹർമൻപ്രീത് കൗർ. 2005ലും 2017ലും മിഥാലി രാജിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം കിരീടത്തിന് തൊട്ടടുത്തെത്തി പരാജയപ്പെട്ടിരുന്നു.
ഓസ്ട്രേലിയയും ഇംഗ്ലണ്ടും മാത്രം ഭരിച്ച വനിതാ ലോകകപ്പ് വേദിയിൽ ഇത് പുതുയുഗമാണ്. അവിശ്വസനീയ നിമിഷങ്ങളായിരുന്നു നവി മുബൈയിൽ. മതിമറന്ന് ആഘോഷിച്ചു ഇന്ത്യ. കപിൽ ദേവിന്റെ കിരീട നേട്ടത്തിൽ ആവേശം പൂണ്ടാണ് ഇന്ത്യൻ വനിതകൾ കളി തുടങ്ങുന്നത്. എത്രയോ വർഷങ്ങളുടെ കാത്തിരിപ്പാണിത്. മിതാലി രാജിന്റെയും ജുലൻ ഗോസ്വാമിയുടെയും അഞ്ജും ചോപ്രയുടെയും കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. നിയോഗം ഹർമൻപ്രീത് കൌറിനും സംഘത്തിനുമാണെന്ന് മാത്രം.
