നോക്കൗട്ടുകളിലും ഇന്ത്യ മികച്ച പ്രകടനം തുടര്‍ന്നു. സെമിഫൈനലില്‍ ഇറാനെ 33-21-ന് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. അതേസമയം, ഗ്രൂപ്പ് ഘട്ടത്തില്‍ ചൈനീസ് തായ്‌പേയിയും തോല്‍വി അറിയാതെ സെമിഫൈനലിലെത്തി. സെമിഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18ന് പരാജയപ്പെടുത്തി അവര്‍ ഫൈനലിലെത്തി. ടൂര്‍ണമെന്റിലുടനീളം ആത്മവിശ്വാസം നിലനിര്‍ത്തിയ ഇന്ത്യ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് കിരീടമാണ് നേടുന്നത്.
ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഈ വിജയം ഭാവി തലമുറകള്‍ക്ക് കായികരംഗത്ത് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
''2025-ലെ കബഡി ലോകകപ്പ് നേടി രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ നമ്മുടെ ഇന്ത്യന്‍ വനിതാ കബഡി ടീമിന് അഭിനന്ദനങ്ങള്‍. ടൂർണമെന്റിൽ അവര്‍ മികച്ച മനോധൈര്യവും കഴിവുകളും സമര്‍പ്പണവും പ്രകടിപ്പിച്ചു. അവരുടെ വിജയം എണ്ണമറ്റ യുവാക്കളെ കബഡിയിലേക്ക് ആകര്‍ഷിക്കാനും കൂടുതല്‍ സ്വപ്‌നം കാണാനും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ നേടാനും പ്രചോദിപ്പിക്കും,'' എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.
''ഇത് മനോഹരമായ വാര്‍ത്തയാണ്. ഇന്ത്യ ലോകകപ്പ് നേടിയ നിമിഷങ്ങള്‍. 2025 കബഡി ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീം ചൈനീസ് തായ്‌പേയിയെ 35-28ന് പരാജയപ്പെടുത്തി. നമ്മുടെ പെണ്‍കുട്ടികള്‍ വിജയകരമായി ട്രോഫി നിലനിര്‍ത്തിയിരിക്കുന്നു,'' മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പ്രോ കബഡി ലീഗിലെ പുനേരി പല്‍ത്താന്‍ മുഖ്യപരിശീലകനുമായ അജയ് ഠാക്കൂറും ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു.
''ധാക്കയില്‍ ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് ട്രോഫി നിലനിര്‍ത്തിയത് രാജ്യത്തിന് വളരെ അഭിമാനകരമായ നിമിഷമാണ്. ഫൈനലിലെ അവരുടെ ആധിപത്യവും വിജയവും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വനിതാ കബഡി എത്രത്തോളം പുരോഗമിച്ചുവെന്ന് കാണിച്ചു തരുന്നു. വരും വര്‍ഷങ്ങളിലും ഈ മുന്നേറ്റം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' ഠാക്കൂര്‍ പറഞ്ഞതായി pro kabaddi.com റിപ്പോര്‍ട്ട് ചെയ്തു.
11 ടീമുകളാണ് വനിതാ ലോകകപ്പ് കബഡി ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
