263 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യന്‍ ടീമിന് ഗംഭീര തുടക്കമാണ് പൃഥ്വി ഷായും ധവാനും നല്‍കിയത്. 24 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറികള്‍ സഹിതം 43 റണ്‍സെടുത്ത പൃഥ്വി ഷാ ടീം സ്‌കോര്‍ 50 പിന്നിട്ട ശേഷമാണ് പുറത്തായത്. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച ധവാന്‍- ഇഷാന്‍ കിഷന്‍ സഖ്യം 85 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നേരിട്ട ആദ്യ പന്തു തന്നെ സിക്‌സടിച്ച് തുടങ്ങിയ കിഷന്‍ വെറും 33 പന്തില്‍ 50 തികച്ച് ഏകദിന അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി.
advertisement
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക മികച്ച രീതിയിലാണ് ആരംഭിച്ചതെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. വലിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ സ്പിന്‍ ജോടികളായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ സഖ്യത്തിന്റെ വകയായിരുന്നു മത്സരത്തിലെ ആദ്യ വിക്കറ്റുകള്‍. സ്‌കോര്‍ 49ല്‍ എത്തിയപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. 32 റണ്‍സെടുത്ത അവിഷ്‌ക ഫെര്‍ണാണ്ടോയെ യുസ്വേന്ദ്ര ചഹല്‍ മനീഷ് പാണ്ഡേയുടെ കൈകളില്‍ എത്തിച്ചു. 17ആം ഓവറില്‍ കുല്‍ദീപ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. 27 റണ്‍സെടുത്ത മിനോദ് ഭാനുകയും, 24 റണ്‍സെടുത്ത അരങ്ങേറ്റ താരം ഭാനുക രജപക്സയുമാണ് പുറത്തായത്.
പിന്നീടെത്തിയ ഡീ സില്‍വയ്ക്ക് അധിക നേരം ക്രീസില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. ശേഷം ക്രീസിലൊരുമിച്ച അസ്സലങ്കയും നായകന്‍ ദാസുന്‍ ഷനകയും നല്ല രീതിയില്‍ കളിച്ച് സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ സ്‌കോര്‍ 166ല്‍ എത്തിയപ്പോള്‍ ദീപക് ചഹര്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 38 റണ്‍സെടുത്ത അസ്സലങ്കയാണ് വീണത്. സ്‌കോര്‍ 205ല്‍ എത്തിയപ്പോള്‍ 39 റണ്‍സെടുത്ത ഷനകയും മടങ്ങി. വാലറ്റത്ത് അവസാന ഓവറുകളില്‍ ചമീരയും, കരുണരത്നെയും മികച്ച ചെറുത്ത്നില്‍പ്പ് നടത്തിയതോടെയാണ് ശ്രീലങ്ക ഭേദപ്പെട്ട സ്‌കോറിലെത്തിയത്.
എട്ടാമനായി ഇറങ്ങി 43 റണ്‍സെടുത്ത ചമിക കരുണരത്നെയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.