"ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ രാഷ്ട്രീയ ശത്രുവായ പാകിസ്ഥാനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർക്കാർ എപ്പോഴും വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നു," ഒരു കായിക മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കി.
"സർക്കാരിന്റെ നിലപാട് ഇപ്പോൾ പൂർണമായും വ്യക്തമാണ്. 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുക എന്ന നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിന് പാകിസ്ഥാനെ ബഹിഷ്‌കരിക്കുന്നത് ദോഷകരമാകുമായിരുന്നു. ഏതെങ്കിലും അന്താരാഷ്ട്ര പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നതിന് ഇന്തോനേഷ്യയെപ്പോലെ ഐഒസിയിൽ നിന്ന് നമുക്കും പൂർണവിലക്ക് ലഭിക്കുമായിരുന്നു. അവർക്ക് സംഭവിച്ചത് നമുക്കും സംഭവിക്കുമായിരുന്നു," അദ്ദേഹം പറഞ്ഞു.
advertisement
"2030ൽ ഗുജറാത്തിലെ അഹമ്മദാബാദിൽവെച്ച് കോമൺവെൽത്ത് ഗെയിംസ് നടത്താൻ നമ്മൾ ഒരുങ്ങുകയാണ്. പാകിസ്ഥാനെ അതിലേക്ക് ക്ഷണിക്കാതിരുന്നാൽ 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള നമ്മുടെ ശ്രമത്തെ അത് ദുർബലപ്പെടുത്തും. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സോഷ്യൽ മീഡിയയിൽ നിന്ന് സർക്കാരിനെതിരേ വിമർശനം ഉയർന്നിരുന്നു. എന്നാൽ, രാഷ്ട്രീയ ഇടപെടലിനെ തുടർന്ന് ഇന്തോനേഷ്യയെ വിലക്കാനുള്ള ഐഒസിയുടെ തീരുമാനം കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സാധൂകരിക്കുന്നതാണ്," സ്രോതസ്സ് കൂട്ടിച്ചേർത്തു.
പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ-പാക് ബന്ധത്തിൽ വിള്ളലുണ്ടായത്. ഇതിന് പ്രതികരണമായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ സൈനിക നടപടി സ്വീകരിച്ചിരുന്നു. ബഹുരാഷ്ട്ര ടൂർണമെന്റുകളിലൊഴികെ പാകിസ്ഥാനുമായി ഒരു മത്സരത്തിലും ഇന്ത്യ പങ്കെടുക്കില്ലെന്ന് കേന്ദ്രസർക്കാർ പിന്നീട് പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ ഇന്ത്യയിൽ വെച്ച് നടന്ന എഫ്‌ഐഎച്ച് പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയിരുന്നു.
