താൻ ഇപ്പോൾ സുഖം പ്രാപിക്കുന്ന ഘട്ടത്തിലാണെന്നും ഓരോ ദിവസം കഴിയുന്തോറും പരിക്ക് ഭേദമാകുന്നുണ്ടെന്നും ലഭിച്ച എല്ലാ ആശംസകൾക്കും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ശ്രേയസ് തന്റെ ആരോഗ്യ സ്ഥിതിയെക്കുളിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ നൽകിയത്. ഞായറാഴ്ച ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്കിടെ ഗുരുതരമായി പരിക്കേറ്റ ശേഷമുള്ള അയ്യരുടെ ആദ്യ പ്രതികരണമായിരുന്നു ഇത്.
advertisement
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെ അലക്സ് കാരിയുടെ പുറത്താക്കാൻ ഡൈവിംഗ് ക്യാച്ച് എടുക്കുന്നതിനിടെയാണ് ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാന് മാരകമായി പരിക്കേൽക്കുന്നത്. ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ് റൂമിലേക്ക് താരത്തെ എത്തിച്ചതിന് പിന്നാലെ സിഡ്‌നിയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.സ്‌കാനിംഗില്‍ ശ്രേയസ് അയ്യരുടെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിയിരുന്നു.ഗുരുതരമായ ആന്തരിക രക്തസ്രാവം തടയാൻ 'ഇന്റർവെൻഷണൽ ട്രാൻസ്-കത്തീറ്റർ എംബോളൈസേഷൻ' നടത്തി. ചൊവ്വാഴ്ച മാത്രമാണ് അദ്ദേഹത്തെ ഐസിയുവിൽ നിന്ന് മാറ്റിയത്.
ശ്രേയസ് അയ്യർക്ക് രണ്ട് മാസത്തെ വിശ്രമമാണ് മെഡിക്കൽ സംഘം നിർദേശിച്ചിരിക്കുന്നത്. നവംബർ-ഡിസംബർ മാസങ്ങളിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ശ്രേയസിന് കളിക്കാനാകില്ല. അടുത്ത വർഷം ജനുവരിയിൽ ന്യൂസിലൻഡിനെതിരായ ദ്വിരാഷ്ട്ര ഏകദിന പരമ്പരയിൽ കളിക്കാനാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല.
