മൂന്ന് തവണ ജേതാക്കളായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യൻ ടീം ഒളിമ്പിക്സിൽ ആദ്യമായി സെമി ഫൈനലിൽ കടന്നത്. റാങ്കിങ്ങിൽ രണ്ടാമതുള്ള ഓസ്ട്രേലിയയെയാണ് പത്താം സ്ഥാനക്കാരായ ഇന്ത്യ മലർത്തിയടിച്ചത്. സെമിയിൽ അർജന്റീനയാണ് ഇന്ത്യയുടെ എതിരാളികൾ. 22-ാം മിനിറ്റിൽ തന്റെ ആദ്യ ഒളിമ്പിക് ഗോൾ നേടിയ ഗുർജിത് കൗർ ആണ് ഇന്ത്യയുടെ വിജയശിൽപി. ഇന്ത്യൻ ഗോൾവല കാത്ത് സവിത പ്രതിരോധത്തിന്റെ കോട്ട തീർത്തു.
Also Read- Tokyo Olympics| ഹോക്കിയിലും ഇന്ത്യ; ബ്രിട്ടനെ തകർത്ത് സെമിയിൽ, 41 വർഷത്തിനിടെ ആദ്യം
advertisement
ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് പൂൾ ബിയിൽ ചാംപ്യൻമാരായാണ് ഓസ്ട്രേലിയ ക്വാർട്ടറിൽ എത്തിയത്. ആദ്യ മത്സരത്തിൽ സ്പെയിനിന് മുന്നിൽ ഒരു ഗോൾ വഴങ്ങിയത് ഒഴിച്ചാൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയായായിരുന്നു ഓസ്ട്രേലിയയുടെ പ്രയാണം. ഈ കുതിപ്പിനാണ് ക്വാർട്ടറിൽ ഇന്ത്യൻ ടീം അന്ത്യം കുറിച്ചത്.
അതേസമയം, വീണും ഉയിർത്തെഴുന്നേറ്റുമായിരുന്നു സെമി വരെയുള്ള ഇന്ത്യൻ ടീമിന്റെ യാത്ര. ആദ്യ മൂന്ന് കളികളിലും തോറ്റു. അവസാന രണ്ട് മത്സരങ്ങളിൽ നിർണായക വിജയം. പൂൾ എയിൽ നാലാം സ്ഥാനക്കാരായി ക്വാർട്ടർ പ്രവേശനം.
ഇന്ത്യൻ ഹോക്കിയുടെ ഉയിർത്തെഴുന്നേൽപ്പിനാണ് ടോക്യോ ഒളിമ്പിക്സിൽ ലോകം സാക്ഷിയായത്. നേരത്തേ പുരുഷ ഹോക്കി ടീം ഒളിമ്പിക്സിൽ സെമിയിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചരിത്ര നിയോഗവുമായി വനിതാ ടീമും ഓസ്ട്രേലിയയെ ഏകപക്ഷീയമായി തകർത്തത്.
ഇതിനു മുമ്പ് 1980 ലെ മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ വലിയ നേട്ടമുണ്ടായിരുന്നത്. അന്ന് ഇന്ത്യ നാലാം സ്ഥാനത്ത് എത്തിയിരുന്നു. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ ഏറ്റവും വലിയ നേട്ടമാണ് ടോക്യോ ഒളിമ്പിക്സിൽ നടന്നത്. 2016 റിയോ ഒളിമ്പിക്‌സില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യ.