നിലവില്‍ ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോഹ്ലി ഏകദിന നായകസ്ഥാനം ഒഴിയുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോഹ്ലിക്ക് പകരക്കാരനായി രോഹിത് ശര്‍മ ടി20 നായകസ്ഥാനത്തേക്ക് എത്തിയതുപോലെ ഏകദിനത്തിലും വിരാട് കോഹ്ലിക്ക് പകരക്കാരനായി രോഹിത് എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിരാട് കോഹ്ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും മാറ്റി ഇനി വരുന്ന ടി20, ഏകദിന ലോകകപ്പുകള്‍ക്ക് മുന്‍പ് രോഹിത്തിന് ടീമിനെ പടുത്തുയര്‍ത്താന്‍ സമയം നല്‍കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഏകദിന നായക സ്ഥാനത്ത് കോഹ്ലിയെ തുടരാന്‍ അനുവദിക്കണം എന്ന നിര്‍ദേശവും ശക്തമാണ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായുമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനവും നിര്‍ണായകമാകും.
advertisement
2023ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ മുന്നൊരുക്കം നടത്താന്‍ രണ്ട് വര്‍ഷത്തോളം സമയമുണ്ട്. പുതിയ നായകനെ കൊണ്ടുവന്ന് ടീം സൃഷ്ടിച്ചെടുക്കാനാണ് പദ്ധതിയെങ്കില്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. എന്നാല്‍ പരമിത ഓവറിലെ നായകസ്ഥാനം പൂര്‍ണ്ണമായും കോഹ്ലിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാനും ടീമിനുള്ളിലെ പ്രശ്നങ്ങള്‍ ഉയര്‍ത്താനുമാണ് സാധ്യത.
ദക്ഷിണാഫ്രിക്കയിലെ ഒമിക്രോണ്‍ വ്യാപനം നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ ഇന്ത്യന്‍ പര്യടനത്തിന് മാറ്റമില്ലെന്നും ബിസിസിഐയുടെ ഉന്നത വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയയില്‍ അടുത്ത ടി20 ലോകകപ്പ് മാസങ്ങള്‍ക്ക് ശേഷം നടക്കാനിരിക്കുന്നതിനാല്‍ കൂടുതലും ടി20 മത്സരങ്ങളാണ് വരും പര്യടനങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്, ആകെ ഒമ്പത് ഏകദിനങ്ങള്‍ മാത്രമാണ് അടുത്ത ഏഴ് മാസകാലയളവില്‍ ഇന്ത്യ കളിക്കുക. ഇതില്‍ ആറെണ്ണം വിദേശത്തും(ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും മൂന്ന് വീതം) മൂന്നെണ്ണം ഇന്ത്യയിലുമാണ്.
IND vs SA |ഒമിക്രോണ്‍ ഭീഷണി: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി സൗരവ് ഗാംഗുലി
കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയിലേക്ക് ലോകം വീണതോടെ ഇന്ത്യയുടെസൗത്ത് ആഫ്രിക്കന്‍ പര്യടനവും ആശങ്കയിലായിരുന്നു. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി മുന്‍പോട്ട് പോകാനാണ് തീരുമാനമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.
ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയക്കുമോ എന്ന ആശങ്ക നിലനില്‍ക്കവേയാണ് ഗാംഗുലിയുടെ പ്രതികരണം. 'നിലവിലെ സാഹചര്യത്തില്‍ പര്യടനത്തില്‍ മാറ്റമില്ല. തീരുമാനിക്കാന്‍ ഇനിയും സമയമുണ്ട്. ഡിസംബര്‍ 17നാണ് ആദ്യ ടെസ്റ്റ്. അതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കും. കളിക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രഥമ പരിഗണന. അതിനായി സാധ്യമായതെല്ലാം ചെയ്യും. വരും ദിവസങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന് നോക്കാം.'- ഗാംഗുലി പറഞ്ഞു.
ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ടെസ്റ്റിന് പിന്നാലെ ഡിസംബര്‍ 8, 9 തിയതികളിലായിട്ടാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുക. ഏഴ് ആഴ്ച നീളുന്നതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ഡിസംബര്‍ 17 ആരംഭിക്കുന്ന പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20കളും കളിക്കും. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലയിലാണ് ഒമിക്രോണ്‍ പടരുന്നത്. ഇന്ത്യയുടെ ടെസ്റ്റ് വേദികളായ ജൊഹാന്നസ്ബര്‍ഗ്, പ്രിട്ടോറിയ എന്നിവ കോവിഡ് ഭീതിയിലാണ്.