ആദ്യ ക്വാളിഫയറില്‍ മുംബൈയോട് പരാജയപ്പെട്ടാണ് ചെന്നൈയുടെ വരവെങ്കില്‍ എലിമിനേറ്ററില്‍ ഹൈദരാബാദിനെ വീഴ്ത്തിയാണ് ഡല്‍ഹി രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയത്. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരടങ്ങിയ മുന്‍നിരയാണ് ഡല്‍ഹിയുടെ കരുത്ത്. സ്പിന്നര്‍മാരെ ഉപയോഗിച്ച് ഈ മുന്‍നിരയെ പൂട്ടാനാകും ചെന്നൈയുടെ ശ്രമം. ഡ്വെയ്ന്‍ ബ്രാവോക്കെതിരെ അത്ര നല്ല റെക്കോഡല്ല റിഷഭ് പന്തിന് എന്നതും ശ്രദ്ധേയമാണ്.
advertisement
അതേസമയം മുന്‍നിരയിലാണ് ചെന്നൈയുടെ ആശങ്ക. പവര്‍ പ്ലേ ഓവറുകളില്‍ ഷെയ്ന്‍ വാട്‌സന്റെ ശരാശരി 14 മാത്രം. ഐപിഎല്‍ ചരിത്രത്തില്‍ ഒരോപ്പണറുടെ രണ്ടാമത്തെ ഏറ്റവും മോശം ശരാശരിയാണിത്. പക്ഷെ മുന്‍നിര എത്ര നിരാശപ്പെടുത്തിയാലും അതിനെയാല്ലാം മറികടക്കാന്‍ അവസാന ഓവറുകളില്‍ ധോണി എന്ന ഒറ്റയാള്‍ മതി ചെന്നൈയ്ക്ക്. സീസണില്‍ ധോണി നേടിയ 405 ല്‍ 213 ഉം റണ്‍സും അടിച്ചുകൂട്ടിയത് അവസാന രണ്ടോവറുകളില്‍ നിന്നാണ്.
ധോണിയ്ക്ക് മറുപടിയായി ഡെത്ത് ഓവറുകളില്‍ മികച്ച ബൗളിംഗ് റെക്കോഡുള്ള ക്രിസ് മോറിസുണ്ട് ഡല്‍ഹിക്കൊപ്പം. 20 നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 14 ജയവുമായി ചെന്നൈക്ക് വ്യക്തമായ മേല്‍ക്കൈയുണ്ട്. സീസണിലെ രണ്ട് കളിയിലും ഡല്‍ഹിയോട് ധോണിപ്പട ആധികാരികയമായി ജയിച്ചിരുന്നു.