ബിസിസിഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂർണമെന്റിലെ ബാക്കിയുള്ള മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബർ 15നാണ് ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഒക്ടോബർ എട്ടിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ്.
യുഎഇയിൽ നടക്കുന്ന മത്സരങ്ങളിൽ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാർജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതിൽ ദുബായിൽ 13, ഷാർജയിൽ 10, അബുദാബിയിൽ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതിൽ ആദ്യ ക്വാളിഫയർ ഫൈനൽ എന്നിവ ദുബായിലും, എലിമിനേറ്റർ രണ്ടാം ക്വാളിഫയർ എന്നിവ ഷാർജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
നേരത്തെ ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് ബയോബബിളിനുള്ളിൽ താരങ്ങളിലേക്കും വ്യാപിച്ചതോടെയാണ് ബിസിസിഐ ഐപിഎൽ നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്. ടൂർണമെന്റ് നിർത്തിവെക്കുമ്പോൾ ഡൽഹി, പഞ്ചാബ് എന്നീ ടീമുകൾ എട്ട് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ബാക്കിയുള്ള എല്ലാ ടീമുകളും ഏഴ് മത്സരങ്ങളാണ് പൂർത്തിയാക്കിയിരുന്നത്. ഇതിൽ 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ആയിരുന്നു പോയിന്റ് ടേബിളിൽ തലപ്പത്ത്. പത്ത് പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. പോയിന്റ് ടേബിളിൽ നാലാമതുള്ള മുംബൈ ഇന്ത്യൻസിന് എട്ട് പോയിന്റാണുള്ളത്.