പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 22 റൺസ് നേടിയാണ് ജഡേജ കളിയുടെ ഗതി മാറ്റിയത്. അവസാന ഓവറിൽ നരെയ്ൻ ജഡേജയേയും കറനേയും പുറത്താക്കി സൂപ്പർ ഓവറിലേക്ക് കളി നേടിയെടുക്കാൻ നോക്കിയെങ്കിലും നരെയ്‌ന്റെ സമ്മർദ്ദ തന്ത്രത്തിൽ വീഴാതെ സിംഗിൾ നേടിക്കൊണ്ട് ചെന്നൈയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ ആറിന് 171. ചെന്നൈ 20 ഓവറില്‍ എട്ടിന് 172.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് വേണ്ടി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും ഫാഫ് ഡുപ്ലെസിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. മോശം പന്തുകളെ കണ്ടെത്തി ആക്രമിച്ച് മുന്നേറിയ സഖ്യം പവർപ്ലേ ഓവറുകൾ തീരുന്നതിന് മുൻപ് തന്നെ ചെന്നൈയുടെ സ്കോർ 50 കടത്തി. ഒപ്പത്തിനൊപ്പം നിന്ന് പോരാടിയ ഇവർ അനായാസം മുന്നേറിയതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. എന്നാൽ 74 റൺസിലെത്തിയപ്പോൾ ഋതുരാജ് ഗെയ്ക്‌വാദിനെ മടക്കി ആന്ദ്രേ റസ്സൽ കൊൽക്കത്തയ്ക്ക് ബ്രേക്ക് ത്രൂ നൽകി. 28 പന്തിൽ 40 റൺസെടുത്ത താരത്തെ റസ്സൽ ക്യാപ്റ്റൻ ഓയിൻ മോർഗന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.
advertisement
പിന്നാലെ വന്ന മോയിന്‍ അലി ആദ്യ പന്തുതൊട്ട് ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയതോടെ ചെന്നൈ 10.5 ഓവറില്‍ 100 കടന്നു. പക്ഷേ സ്‌കോര്‍ 102ൽ നില്‍ക്കേ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഫാഫ് ഡുപ്ലെസ്സിയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ചെന്നൈയുടെ രണ്ടാം വിക്കറ്റ് വീഴ്ത്തി. 30 പന്തുകളിൽ നിന്നും 43 റൺസ് എടുത്ത ഡുപ്ലെസിയെ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ മികച്ച ക്യാച്ചിലൂടെ ഫെർഗൂസൻ പുറത്താക്കുകയായിരുന്നു.
ഡുപ്ലെസ്സി പുറത്തായതോടെ ചെന്നൈയുടെ സ്കോറിങ് വേഗം കുറഞ്ഞു. ഡുപ്ലെസിക്ക് പകരം ക്രീസിലെത്തിയ അമ്പാട്ടി റായുഡുവും മോയിന്‍ അലിയും ശ്രദ്ധയോടെയാണ് കളിച്ചത്. എന്നാല്‍ 24 റണ്‍സെടുത്ത റായുഡുവിന്റെ വിക്കറ്റ് പിഴുത് സുനില്‍ നരെയ്ന്‍ കളി കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കി.
അവസാന അഞ്ചോവറില്‍ ചെന്നൈയ്ക്ക് ജയിക്കാന്‍ 46 റണ്‍സാണ് വേണ്ടിയിരുന്നത് എന്നിരിക്കെ വമ്പനടിക്ക് ശ്രമിച്ച മോയിന്‍ അലിയും(32) പുറത്തായപ്പോള്‍ ചെന്നൈയുടെ സ്കോര്‍ 138/4 എന്ന നിലയിലായിരുന്നു. പിന്നീട് റെയ്നയേയും ധോണിയേയും ഒരേ ഓവറിൽ പുറത്താക്കി കൊൽക്കത്ത ബൗളർ വരുൺ ചക്രവർത്തി ചെന്നൈയെ പ്രതിരോധത്തിലാക്കി. ഈ ഓവറിൽ അഞ്ച് റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇതോടെ അവസാന രണ്ടോവറില്‍ ചെന്നൈയുടെ വിജയലക്ഷ്യം 26 റണ്‍സായി.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19ാം ഓവറിൽ രണ്ട് സിക്സര്‍ പറത്തി ജഡേജ വീണ്ടും മത്സരം ചെന്നൈയുടെ വഴിക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് ഓവറിൽ രണ്ട് ബൗണ്ടറി കൂടി നേടിയതോടെ മത്സരം ചെന്നൈയുടെ വരുതിയിലായി. 22 റൺസാണ് ജഡേജ ഈ ഓവറിൽ അടിച്ചെടുത്തത്.
20ാ൦ ഓവർ എറിയാനെത്തിയ സുനിൽ നരെയ്ൻ തുടക്കത്തിൽ തന്നെ സാം കറനെ പുറത്താക്കി മത്സരം ചെന്നൈ എളുപ്പം ജയിക്കില്ല എന്ന സൂചന നൽകി. കറന് പകരം ക്രീസിലെത്തിയ ശാര്‍ദുല്‍ നേരിട്ട രണ്ടാം പന്തില്‍ തന്നെ മൂന്ന് റണ്‍സ് നേടി സമ്മർദ്ദം ഒഴിവാക്കി. നാലാം പന്തില്‍ ജഡേജയ്ക്ക് റണ്‍ നേടാനായില്ല. അഞ്ചാം പന്തില്‍ ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി നരെയ്ന്‍ കളി വീണ്ടും ആവേശത്തിലാക്കി. ഇതോടെ മത്സരം ജയിക്കാന്‍ ചെന്നൈയ്ക്ക് ഒരു പന്തില്‍ ഒരു റണ്‍ എന്ന നിലയിലായി. അവസാന പന്ത് നേരിട്ട ദീപക് ചാഹർ നരെയ്‌ന്റെ സമ്മർദ്ദ തന്ത്രത്തിൽ വീഴാതെ സിംഗിൾ നേടിക്കൊണ്ട് ചെന്നൈയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.
കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ മൂന്നും, പ്രസിദ്ധ് കൃഷ്ണ, ലോക്കി ഫെര്‍ഗൂസന്‍, ആന്ദ്രെ റസ്സല്‍, വരുൺ ചക്രവർത്തിഎന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം മധ്യനിരക്കാരുടെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ചെന്നൈ കൊൽക്കത്തയിലെ പ്രതിരോധത്തിലാക്കിയപ്പോൾ അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനത്തിലൂടെ ദിനേശ് കാർത്തിക്കും(11 പന്തിൽ 26) നിതീഷ് റാണയുമാണ് (27 പന്തിൽ 37) കൊൽക്കത്തയെ 170 കടത്തിയത്. 45 റൺസ് നേടിയ ത്രിപാഠിയാണ് കൊൽക്കത്ത നിരയിലെ ടോപ് സ്‌കോറർ. ചെന്നൈയ്ക്ക് വേണ്ടി നാലോവറില്‍ ഒരു മെയ്ഡനടക്കം വെറും 20 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്ത ശാര്‍ദുല്‍ ഠാക്കൂര്‍ ബൗളിങ്ങിൽ തിളങ്ങി. ഹെയ്‌സല്‍വുഡും രണ്ട് വിക്കറ്റ് വീഴ്ത്തി. ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി.