റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പ്ലേ ഓഫ് കാണാതെ പുറത്തായതോടെ താരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്. മോശം പ്രകടനം കാഴ്ചവച്ച ബാംഗ്ലൂര്‍ ബൗളറും ഓസീസ് താരവുമായ ഡാന്‍ ക്രിസ്റ്റ്യനു നേരെയാണ് കടുത്തആക്രമണം. താരത്തിന്റെ ഗര്‍ഭിണിയായ ഭാര്യയ്ക്കു നേരെയും സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇതോടെ ക്രിസ്റ്റ്യനും ബാംഗ്ലൂരിന്റെ മറ്റൊരു ഓസീസ് താരം ഗ്ലെന്‍ മാക്‌സ്വെലും വിമര്‍ശനവുമായി രംഗത്തെത്തി.
ഡാന്‍ ക്രിസ്റ്റ്യന്‍ എറിഞ്ഞ ഒരു ഓവറില്‍ മൂന്നു സിക്‌സര്‍ നേടിയ കൊല്‍ക്കത്തയുടെ വെസ്റ്റിന്‍ഡീസ് താരം സുനില്‍ നരെയ്ന്‍ ആണ് കെകെആറിന്റെ വിജയശില്‍പി ആയി മാറിയത്. എന്നാല്‍ തന്റെ മോശം പ്രകടനത്തിന്റെ പേരില്‍ ഭാര്യയെ ഉന്നമിടുന്നത് അവസാനിപ്പിക്കണമെന്ന് ക്രിസ്റ്റ്യന്‍ ആവശ്യപ്പെട്ടു. 'എന്റെ ജീവിതപങ്കാളിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്റ് സെക്ഷനിലൊന്നു പോയി നോക്കൂ. ഇന്നത്തെ മത്സരത്തില്‍ എന്റെ പ്രകടനം മോശമായിരുന്നു എന്നതു ശരിതന്നെ. അത് വെറും കളി മാത്രമല്ലേ. ദയവു ചെയ്ത് അവളെ ഇതില്‍നിന്നെല്ലാം ഒഴിവാക്കണം', ഡാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
advertisement
ഇതിനു പിന്നാലെയാണ് ട്വിറ്ററിലൂടെ ഗ്ലെന്‍ മാക്‌സ്വെലും പ്രതികരിച്ചത്. 'ആര്‍സിബിയെ സംബന്ധിച്ചിടത്തോളം മികച്ച സീസണായിരുന്നു ഇത്. എന്നാല്‍ ഞങ്ങള്‍ കരുതിയടത്ത് സീസണ്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതൊരുക്കിലും ഈ സീസണിലെ കുറവായിട്ട് ഞാന്‍ കാണുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില പരിഹാസങ്ങള്‍ വളരെയധികം വേദനിപ്പിക്കുന്നതാണ്. ഞങ്ങളും മനുഷ്യരാണ്. എല്ലാ മത്സരങ്ങളിലും ഞങ്ങളുടെ കഴിവിന്റെ പരമാവധി നല്‍കാനാണ് ശ്രമിക്കുന്നത്. ഇത്തരം അനാവശ്യ കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക. എല്ലാവരും നല്ലവരായിരിക്കൂ.'- മാക്‌സ്വെല്‍ ട്വിറ്ററില്‍ കുറിച്ചു.
മത്സരശേഷം സ്നേഹവും അഭിനന്ദനങ്ങളും അറിയിച്ച യഥാര്‍ത്ഥ ആരാധകരോട് കടപ്പാടുണ്ട്. എന്നാല്‍ മറ്റുചിലരുണ്ട്, അവര്‍ സമൂഹ മാധ്യമങ്ങളില്‍ അനാവശ്യം പറഞ്ഞുപരത്തുകയാണ്. നിങ്ങള്‍ അവരെപോലെ ആവാതിരിക്കാന്‍ ശ്രമിക്കുക.
'എന്റെ സുഹൃത്തുക്കളേയൊ സഹതാരങ്ങളേയൊ നിങ്ങള്‍ മോശമായി സംസാരിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും നിങ്ങളെ ബ്ലോക്ക് ചെയ്യും. അതിലൊരു ഉപാധിയുമില്ല.'- മാക്സ്വെല്‍ മറ്റൊരു ട്വീറ്റില്‍ കുറിച്ചിട്ടു.
ആര്‍സിബിയെ നാല് വിക്കറ്റിന് കീഴടക്കിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം പ്ലേ ഓഫിന് അര്‍ഹത നേടിയത്. ആര്‍സിബി മുന്നില്‍വച്ച 139 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് പന്ത് അവശേഷിക്കെ കൊല്‍ക്കത്ത മറികടന്നു. ഒക്ടോബര്‍ 13ലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് കൊല്‍ക്കത്തയുടെ എതിരാളികള്‍.
വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ സുനില്‍ നരെയ്‌ന്റെ ഉശിരന്‍ പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തിനാധാരം. നാല് വിക്കറ്റുകള്‍ പിഴുത നരെയ്ന്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍, 15 പന്തില്‍ 26 റണ്‍സുമായി മത്സരം ആര്‍സിബിയില്‍ നിന്ന് തട്ടിയെടുത്തു.