ലോ സ്‌കോറിങ് ത്രില്ലര്‍ മത്സരത്തില്‍ കൊല്‍ക്കത്തയുടെ രണ്ട് വിക്കറ്റ് വീഴ്ത്തിയത് പേസര്‍ ഹര്‍ഷല്‍ പട്ടേലായിരുന്നു. ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായതോടൊപ്പം ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് കരസ്ഥമാക്കാനുള്ള സുവര്‍ണാവസരവും മത്സരത്തില്‍ ഇല്ലാതായി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്യുന്ന ബോളര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കാനുള്ള അവസരമാണ് ബാംഗ്ലൂര്‍ യുവ പേസര്‍ ഹര്‍ഷല്‍ പട്ടേലിന് നഷ്ടമായത്.
ദേവദത്ത് പടിക്കല്‍ ക്യാച്ച് വിട്ടുകളഞ്ഞതാണ് ഹര്‍ഷലിനെ നേട്ടത്തില്‍ നിന്ന് അകറ്റിയത്. എങ്കിലും ഒരു സീസണിലെ വിക്കറ്റ് വേട്ടയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ കരീബിയന്‍ ഓള്‍ റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയെ ഒപ്പം പിടിക്കാന്‍ ഹര്‍ഷലിന് സാധിച്ചു. ഇരു താരങ്ങളും 32 വിക്കറ്റ് വീതമാണ് ഔ സീസണില്‍ നേടിയിരിക്കുന്നത്.
advertisement
2013 സീസണിലാണ് സൂപ്പര്‍ കിംഗ്സിനുവേണ്ടി ബ്രാവോ 32 വിക്കറ്റ് സ്വന്തമാക്കിയത്. ഇക്കുറി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ എലിമിനേറ്ററില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലിനെയും വെങ്കടേഷ് അയ്യരെയും മടക്കിയ ഹര്‍ഷല്‍ ബ്രാവോയെ ഒപ്പം പിടിക്കുകയായിരുന്നു.
ഹര്‍ഷല്‍ എറിഞ്ഞ 17ആം ഓവറില്‍ ബ്രാവോയെ മറികടക്കാന്‍ ഹര്‍ഷലിന് അവസരം കൈവരുകയും ചെയ്തു. ഓവറിന്റെ ആദ്യ പന്തില്‍ കെകെആര്‍ താരം സുനില്‍ നരെയ്ന്‍ നല്‍കിയ അത്ര വിഷമകരമല്ലാത്ത ക്യാച്ച് ദേവദത്ത് പടിക്കല്‍ വിട്ടുകളഞ്ഞു.
അതേസമയം ഐ പി എല്ലിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് ഈ സീസണിനിടെ ഹര്‍ഷല്‍ സ്വന്തമാക്കിയിരുന്നു. 2020 സീസണില്‍ 27 വിക്കറ്റ് നേടിയ മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുംറയാണ് ഹര്‍ഷലിന് മുന്നില്‍ വഴിമാറിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേട്ടത്തോടെയാണ് താരം ഈ റെക്കോഡിലെത്തിയത്.
ഐ പി എല്ലില്‍ ഒരു സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന അണ്‍ക്യാപ്ഡ് താരം എന്ന റെക്കോര്‍ഡും ഇത്തവണ ഹര്‍ഷലിന് സ്വന്തമായി. ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കുന്ന താരം ഈ സീസണില്‍ പര്‍പ്പിള്‍ ക്യാപ് ഉറപ്പിച്ചു. സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേശ് ഖാനേക്കാള്‍ ഒമ്പത് വിക്കറ്റ് കൂടുതല്‍ ഇപ്പോള്‍ തന്നെ ഹര്‍ഷലിനുണ്ട്. 23 വിക്കറ്റാണ് ആവേശിന്റെ സമ്പാദ്യം.