രണ്ടാം പാദത്തിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച താരങ്ങൾ ആരൊക്കെ എന്ന് നോക്കാം:
ജോസ് ബട്ലർ:
രാജസ്‌ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ബട്ലർ, ഭാര്യയുടെ പ്രസവ സമയത്ത് കൂടെ നിൽക്കാൻ വേണ്ടിയാണ് ടൂർണമെന്റിൽ നിന്നും പിന്മാറിയത്. ബട്ലർക്ക് പകരമായി ന്യുസിലന്റിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും കൂടിയായ ഗ്ലെൻ ഫിലിപ്സിനെ ടീമിലെടുത്തിട്ടുണ്ട്.
ജോഫ്രാ അർച്ചർ:
തുടരെയുള്ള പരിക്കാണ് അർച്ചറിന് രണ്ടാം പാദം നഷ്ടമാകാൻ കാരണം. പരിക്ക് മൂലം ടി20 ലോകകപ്പ് കൂടി അർച്ചർക്ക് നഷ്ടമായേക്കും.
advertisement
ബെൻ സ്റ്റോക്‌സ്:
മാനസികാരോഗ്യം സംരക്ഷിക്കാൻ വേണ്ടി ക്രിക്കറ്റിൽ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ടുനിൽക്കുകയാണ് സ്റ്റോക്‌സ്. അതിനാൽത്തന്നെ ഐ പി എൽ രണ്ടാം പാദത്തിലും താരം പങ്കെടുക്കുന്നുണ്ടാകില്ല.
ആദം സാംപ:
ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നറായ ആദം സാംപയ്ക്കും ഐ പി എൽ രണ്ടാം പാദം നഷ്ടമാകും. ഓസീസ് താരത്തിന് പകരമായി ശ്രീലങ്കയുടെ വാനിന്ദു ഹസരങ്കയെ ആര്‍സിബി സ്വന്തമാക്കിയിട്ടുണ്ട്. ടി20 ലോകകപ്പ് മുന്നിലുള്ളതിനാലും നിർബന്ധിത ക്വാറന്റീനും തുടർന്ന് ബയോ ബബിളിൽ കഴിയേണ്ടി വരുമെന്നതിനാലുമാണ് സാംപ വിട്ടുനിൽക്കുന്നത്.
ഡാനിയേൽ സാംസ്:
ആർസിബിയുടെ മറ്റൊരു താരമായ സാംസും രണ്ടാം പാദത്തിൽ ഉണ്ടാകില്ല. ശ്രീലങ്കയുടെ ദുഷ്മന്ത ചമീരയെ സാംസിന് പകരമായി ആർസിബി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെയ്ൻ റിച്ചാർഡ്സൺ:
ക്വാറന്റീനും ബയോ ബബിളും നൽകുന്ന മാനസിക സംഘർഷം മൂലമാണ് ആർസിബി താരമായ റിച്ചാർഡ്സൺ വിട്ടുനിൽക്കാൻ ഉള്ള കാരണം.
ഫിൻ അല്ലൻ, സ്കോട്ട് കുഗ്ലൈൻ:
കിവീസ് താരങ്ങളായ ഇരുവരും ബംഗ്ലാദേശിനെതിരായുള്ള പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടതുകൊണ്ട് ഐപിഎല്ലില്‍ നിന്ന് പിന്മാറുകയായിരുന്നു. സിംഗപ്പൂർ താരമായ ടിം ഡേവിഡിനെ ആർസിബി പകരമായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പാറ്റ് കമ്മിൻസ്:
വ്യക്തിഗത കാരണങ്ങൾ മൂലമാണ് കമ്മിൻസ് രണ്ടാം പാദത്തിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചത്.
റീലി മെറിഡിത്ത്, ജൈ റിച്ചാർഡ്സൺ:
ഓസ്‌ട്രേലിയൻ പേസർമാരുടെ പിന്മാറ്റം പഞ്ചാബ് കിങ്സിന് വലിയ തിരിച്ചടിയാണ്. വലിയ തുക മുടക്കി താരങ്ങളെ ടീമിലെത്തിച്ചിട്ടും ആദ്യ പാദത്തില്‍ നിരാശപ്പെടുത്തിയ പഞ്ചാബിന് രണ്ടാം പാദത്തില്‍ തിരിച്ചുവരേണ്ടത് അത്യാവശ്യമാണ്. പരിക്ക് മൂലം പിന്മാറിയ മെറിഡിത്തിന് പകരമായി പുതുമുഖ ഓസീസ് സ്പിന്നറായ നേഥൻ എല്ലിസിനെ പഞ്ചാബ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 19ന് ആരംഭിക്കുന്ന രണ്ടാം പാദത്തിലെ ആദ്യ മത്സരം നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും എം എസ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ്. ഒക്ടോബർ 15നാണ് ഫൈനൽ.