ഐപിഎല്ലിൽ ഓവർനിരക്കിന്റെ പേരിൽ സഞ്ജുവിന്റെ ആദ്യത്തെ കുറ്റമായതിനാൽ താരത്തിന് പിഴ ചുമത്തുന്നതായി ഐപിഎൽ ഭരണ സമിതി അവരുടെ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. ഐപിഎൽ പതിനാലാം സീസണിലെ പെരുമാറ്റച്ചട്ടം പ്രകാരം ഓരോ ടീമും 20 ഓവറുകൾ 90 മിനിറ്റിനുള്ളിൽ എറിഞ്ഞു തീർക്കണെമെന്നാണ് ബിസിസിഐ നിഷ്കർഷിച്ചിട്ടുള്ളത്. ഇത് പാലിക്കാത്ത പക്ഷം കുറഞ്ഞ ഓവർ റേറ്റ് വരുത്തുന്ന ടീമിന്റെ ക്യാപ്റ്റന് നിശ്ചിത തുക പിഴയായി അടക്കേണ്ടി വരും. കുറ്റം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ ക്യാപ്റ്റന് ടീമിന്റെ അടുത്ത മത്സരം കളിക്കുന്നതിൽ നിന്നും വിലക്ക് വരെ ലഭിച്ചേക്കും. കുറ്റം ഒന്നിൽ തവണ ആവർത്തിക്കുമ്പോൾ ക്യാപ്റ്റന് പുറമെ ടീമംഗങ്ങളും പിഴയടക്കേണ്ടി വരും.
advertisement
ഇന്നലെ ദുബായിയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ അവിശ്വസനീയ ജയമാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ റോയൽസ് നേടിയെടുത്തത്. 19ാ൦ ഓവർ വരെ തകർത്തടിച്ച് മുന്നേറിയ പഞ്ചാബ് അവസാന ഓവർ എറിഞ്ഞ കാർത്തിക് ത്യാഗിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 185 റൺസിന് പുറത്തായിരുന്നു. 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ പഞ്ചാബിന് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറിൽ നാല് റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്ന പഞ്ചാബിന് കേവലം ഒരു റൺ മാത്രമാണ് നേടാൻ കഴിഞ്ഞത്.
അവസാന ഓവർ വരെ പഞ്ചാബിന്റെ ജയം പ്രതീക്ഷിച്ചിരുന്ന ആളുകൾക്ക് സർപ്രൈസ് ട്വിസ്റ്റ് സമ്മാനിച്ചാണ് സഞ്ജുവും സംഘവും മത്സരം തീർത്തത്. മത്സരം രാജസ്ഥാന്റെ വഴിക്ക് കൊണ്ടുവന്നതിൽ സഞ്ജുവിന്റെ ക്യാപ്റ്റൻസിക്ക് വലിയ പങ്കുണ്ടായിരുന്നു. പഞ്ചാബിന് അവസാന ഓവറിൽ ജയിക്കാൻ നാല് റൺസാണ് വേണ്ടിയിരുന്നത്. യുവതാരം കാർത്തിക് ത്യാഗി പന്തെറിയാൻ ക്രീസിലേക്ക് വരുമ്പോൾ മാര്‍ക്രവും പുരാനും ചേർന്ന് പഞ്ചാബ് ജയമൊരുക്കുമെന്നാണ് ഏവരും കരുതിയത്. എന്നാൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ത്യാഗി പുരാനെയും പിന്നാലെ വന്ന ദീപക് ഹൂഡയെയും മടക്കി പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഒടുവിൽ അവസാന പന്തിൽ മൂന്ന് റൺസ് ജയത്തിലേക്ക് നിൽക്കെ ക്രീസിലെത്തിയ ഫാബിയൻ അലൻ റൺ ഒന്നും എടുക്കാൻ കഴിയാതെ വന്നതോടെ അപ്രതീക്ഷിത ജയം നേടുകയായിരുന്നു രാജസ്ഥാൻ.
ആദ്യ പാദത്തിൽ പഞ്ചാബിനോട് അവസാന പന്തിൽ തോൽവി സമ്മതിക്കേണ്ടി വന്നിരുന്ന രാജസ്ഥാന് ഈ ജയം മധുരപ്രതികാരമായി. മത്സരത്തിൽ ജയം നേടിയ രാജസ്ഥാൻ എട്ട് കളികളിൽ നിന്നും എട്ട് പോയിന്റുമായി പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് കയറി. പഞ്ചാബ് ആറ് പോയിന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.
