പഞ്ചാബ് കിങ്സിനെതിരെ അവിശ്വസനീയ ജയമാണ് സഞ്ജുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് നേടിയെടുത്തത്. 19ആം ഓവര്‍ വരെ തകര്‍ത്തടിച്ച് മുന്നേറിയ പഞ്ചാബ് അവസാന ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. 120 റണ്‍സിന്റെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടും പഞ്ചാബിന് ലഭിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 185 റണ്‍സിന് പുറത്തായിരുന്നു. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന പഞ്ചാബിന് കേവലം ഒരു റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
advertisement
18ആം ഓവറിന് മുന്‍പേ മത്സരം അവസാനിപ്പിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ മത്സരം കൈവിട്ടു പോവുകയായിരുന്നെന്നും രാഹുല്‍ പറഞ്ഞു. 'ഇത് സഹിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്, ഇതുപോലുള്ള മത്സരങ്ങള്‍ മുന്‍പ് എക്‌സ്പീരിയന്‍സ് ചെയ്ത ടീമാണ് ഞങ്ങള്‍. സമ്മര്‍ദ്ദത്തെ എങ്ങനെ കൂടുതല്‍ സമര്‍ഥമായി നേരിടണമെന്ന് ഞങ്ങള്‍ പഠിക്കേണ്ടതുണ്ട്. 18ആം ഓവറിനുള്ളില്‍ മത്സരം ഫിനിഷ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചില സമയങ്ങളില്‍ മത്സരത്തിലെ നിയന്ത്രണം നഷ്ടമാവുകയും എതിരാളികളെ തിരിച്ചുവരാന്‍ അനുവദിക്കുകയും ചെയ്യും.'- കെ എല്‍ രാഹുല്‍ പറഞ്ഞു.
'മുന്‍പ് ചെയ്ത തെറ്റുകളില്‍ നിന്നും പാഠം പഠിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല. കൂടുതല്‍ ശക്തമായി തിരിച്ചെത്തി ഇനിയുള്ള അഞ്ച് മത്സരങ്ങളും വിജയിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും.'- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അവസാന ഓവര്‍ വരെ പഞ്ചാബിന്റെ ജയം പ്രതീക്ഷിച്ചിരുന്ന ആളുകള്‍ക്ക് സര്‍പ്രൈസ് ട്വിസ്റ്റ് സമ്മാനിച്ചാണ് സഞ്ജുവും സംഘവും മത്സരം തീര്‍ത്തത്. മത്സരം രാജസ്ഥാന്റെ വഴിക്ക് കൊണ്ടുവന്നതില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്ക് വലിയ പങ്കുണ്ടായിരുന്നു. പഞ്ചാബിന് അവസാന ഓവറില്‍ ജയിക്കാന്‍ നാല് റണ്‍സാണ് വേണ്ടിയിരുന്നത്. യുവതാരം കാര്‍ത്തിക് ത്യാഗി പന്തെറിയാന്‍ ക്രീസിലേക്ക് വരുമ്പോള്‍ മാര്‍ക്രവും പുരാനും ചേര്‍ന്ന് പഞ്ചാബ് ജയമൊരുക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ത്യാഗി പുരാനെയും പിന്നാലെ വന്ന ദീപക് ഹൂഡയെയും മടക്കി പഞ്ചാബിനെ പ്രതിരോധത്തിലാക്കി. ഒടുവില്‍ അവസാന പന്തില്‍ മൂന്ന് റണ്‍സ് ജയത്തിലേക്ക് നില്‍ക്കെ ക്രീസിലെത്തിയ ഫാബിയന്‍ അലന്‍ റണ്‍ ഒന്നും എടുക്കാന്‍ കഴിയാതെ വന്നതോടെ അപ്രതീക്ഷിത ജയം നേടുകയായിരുന്നു രാജസ്ഥാന്‍.

