അതേസമയം ലോക ക്രിക്കറ്റിൽ 10,000 റൺസ് നേടുന്ന അഞ്ചാമത്തെ താരമാണ് കോഹ്ലി. രാജ്യാന്തര തലത്തിൽ ഇന്ത്യക്കായും, ആഭ്യന്തര തലത്തില്‍ ഡല്‍ഹിക്കായും, ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും 313 ടി20 മത്സരങ്ങളാണ് കോഹ്ലി ഇതുവരെ കളിച്ചുട്ടുള്ളത്. 133.95 സ്ട്രൈക്ക് റേറ്റിൽ അഞ്ച് സെഞ്ചുറികളും 73 അർധസെഞ്ചുറികളും ഉൾപ്പെടെ 9987 റൺസാണ് കോഹ്ലി ഇത്രയും മത്സരങ്ങളിൽ നിന്നായി നേടിയത്. 113 ആണ് താരത്തിന്റെ ഉയർന്ന സ്കോർ.
അതേസമയം ഈ നേട്ടത്തിൽ എത്തുന്ന അഞ്ചാമത്തെ മാത്രം താരമാണ് കോഹ്ലി. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ ക്രിസ് ഗെയ്ൽ (14,261), കിറോൺ പൊള്ളാര്‍ഡ് (11,157), പാകിസ്താൻ താരം ഷോയിബ് മാലിക്ക് (10,808), ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (10,017) എന്നിവരാണ് കോഹ്‌ലിക്ക് മുന്നേ ഈ നേട്ടം കൈവരിച്ചത്.
ടി20യിൽ റൺവേട്ടയിൽ റെക്കോർഡ് കാത്തിരിക്കുന്ന ആർസിബി ക്യാപ്റ്റനാണ് ഐപിഎല്ലിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ളത്. 201 ഇന്നിങ്സുകളില്‍ നിന്നായി 6134 റണ്‍സാണ് ആർസിബിക്കായി കോഹ്ലി നേടിയത്. ടി20യിൽ കോഹ്‌ലിയുടെ അക്കൗണ്ടിലുള്ള അഞ്ച് സെഞ്ചുറികളും പിറന്നിരിക്കുന്നത് ഐപിഎല്ലിൽ നിന്ന് തന്നെയാണ്. ഐപിഎല്ലിൽ മികച്ച റെക്കോർഡാണ് കോഹ്‌ലിക്ക് സ്വന്തമായുള്ളതെങ്കിലും ഇതുവരെ ടൂർണമെന്റിൽ ഒരു കിരീടം പോലും നേടാൻ കോഹ്ലിക്കും ആർസിബിക്കും കഴിഞ്ഞിട്ടില്ല.
ഈ സീസണിൽ ആദ്യ പാദത്തിൽ മികച്ച പ്രകടനത്തോടെ ആദ്യ കിരീട പ്രതീക്ഷകൾ അവർ സജീവമായി നിർത്തിയിരുന്നെങ്കിലും രണ്ടാം പാദത്തിലേക്ക് എത്തിയപ്പോൾ ആർസിബിക്ക് ആദ്യ പാദത്തിലെ മികവ് തുടരാൻ കഴിയാതെ പോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ കൊൽക്കത്തയോട് ഒമ്പത് വിക്കറ്റിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയ അവർ രണ്ടാം മത്സരത്തിൽ ചെന്നൈക്കെതിരെ വിജയപ്രതീക്ഷ ഉയർത്തിയതിന് ശേഷം ആറ് വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ഒമ്പത് മത്സരങ്ങളിൽ നിന്നും 10 പോയിന്റുള്ള ആർസിബി നിലവിൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.
മുംബൈക്കെതിരെ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. അവസാനം വിവരം ലഭിക്കുമ്പോൾ 16 ഓവറിൽ 126ന് മൂന്ന് എന്ന നിലയിലാണ് ആർസിബി. എബി ഡിവില്ലിയേഴ്സ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരാണ് ക്രീസിൽ. വിരാട് കോഹ്ലി (51), കെ എസ് ഭരത് (32), ദേവ്ദത്ത് പടിക്കൽ (0) എന്നിവരാണ് പുറത്തായത്. മുംബൈക്കായി ബുംറ, ആദം മിൽനെ, രാഹുൽ ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.
