ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂരിന്റെ നായകനായി വിരാട് കോഹ്ലി ഇനി കളത്തിലിറങ്ങില്ല. തോല്‍വിയുടെ നിരാശയിലാണ് വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സിന്റെ നായകസ്ഥാനത്തുനിന്നും പടിയിറങ്ങുന്നത്. അതേസമയം ഐപിഎല്ലിലെ അവസാന മത്സരം വരെ തന്റെ പ്രതിബദ്ധത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് മാത്രമായിരിക്കുമെന്ന് വിരാട് കോഹ്ലി പറഞ്ഞു. മത്സരശേഷമായിരുന്നു കോഹ്ലിയുടെ ഈ പ്രതികരണം. ഐപിഎല്ലില്‍ മറ്റേതെങ്കിലും ടീമിന് വേണ്ടി കളിക്കുമോയെന്ന ചോദ്യത്തിനും മത്സരശേഷം കോഹ്ലി മറുപടി നല്‍കി.
'യുവതാരങ്ങള്‍ക്ക് ടീമിലെത്തി അഗ്രസീവ് ക്രിക്കറ്റ് ഫ്രീഡത്തോടെയും വിശ്വാസത്തോടെയും കളിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിലും ഞാന്‍ ആ അന്തരീക്ഷം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ടീമിന് നല്‍കി. അതിന്റെ പ്രതികരണം എപ്രകാരമാണെന്ന് എനിക്കറിയില്ല. എന്നാല്‍ എല്ലാ സമയത്തും ഈ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി കഴിവിന്റെ 120 ശതമാനവും ഞാന്‍ നല്‍കിയിട്ടുണ്ട്. അതിനിടെ ഒരു പ്ലേയറെന്ന നിലയില്‍ ഞാന്‍ തുടരും.'- കോഹ്ലി പറഞ്ഞു.
advertisement
'തീര്‍ച്ചയായും, മറ്റൊരു ടീമിലും എനിക്ക് കളിക്കാനാകില്ല. മറ്റെന്തിനെക്കാളും ഞാന്‍ വിലകല്‍പ്പിക്കുന്നത് ആത്മാര്‍ഥതയ്ക്കാണ്. ഐ പി എല്ലില്‍ കളിക്കുന്ന അവസാന ദിവസം വരെയും എന്റെ പ്രതിബദ്ധത ആര്‍ സി ബിയോട് മാത്രമായിരിക്കും.'- കോഹ്ലി കൂട്ടിച്ചേര്‍ത്തു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കന്നി ഐ പി എല്‍ കിരീടത്തിലേക്കു നയിച്ച് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുകയെന്ന വിരാട് കോഹ്ലിയുടെയും ആരാധകരുടെയും സ്വപ്നമാണ് ഇന്നലത്തെ തോല്‍വിയിലൂടെ തകര്‍ന്നത്. തുടര്‍ച്ചയായി രണ്ടാം സീസണിലും ആര്‍ സി ബി പ്ലേഓഫില്‍ തോറ്റു പുറത്തായിരിക്കുകയാണ്.
2008ലെ പ്രഥമ ഐ പി എല്‍ മുതല്‍ കോഹ്ലി ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണ്. 2013ലാണ് അദ്ദേഹം ടീമിന്റെ നായകനായി ചുമതലയേറ്റെടുക്കുന്നത്. ന്യൂസിലന്‍ഡിന്റെ സ്പിന്‍ ഇതിഹാസമായ ഡാനിയേല്‍ വെറ്റോറി ക്യാപ്റ്റന്‍സി ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. കോഹ്ലിക്കു കീഴില്‍ ഒരിക്കല്‍ മാത്രമേ ആര്‍സിബി ഐപിഎല്‍ ഫൈനല്‍ കളിച്ചിട്ടുള്ളൂ. 2016ലായിരുന്നു ഇത്. അന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടു ബാംഗ്ലൂര്‍ എട്ടു റണ്‍സിനു പൊരുതിത്തോല്‍ക്കുകയായിരുന്നു. ഈ ഫൈനല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മൂന്നു തവണയാണ് ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ അദ്ദേഹത്തിനായത്. 2015, 20, 21 സീസണുകളിലാണിത്. ഐപിഎല്ലില്‍ 140 മത്സരങ്ങളില്‍ ആര്‍ സി ബിയെ നയിച്ചിട്ടുള്ള കോഹ്ലി 66 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്.