മൽസരത്തിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഭുവനേശ്വർ കുമാർ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആ തീരുമാനം തെറ്റാണെന്ന് ജോസ് ബട്ട്ലർ തന്നെ തെളിയിച്ചു. തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ബട്ട്ലർ വെറും 22 പന്തിൽ മൂന്ന് സിക്സറും ഏഴ് ഫോറും ഉൾപ്പടെയാണ് 54 റൺസെടുത്തത്. ബട്ട്ലർ പുറത്താകുമ്പോൾ രാജസ്ഥാൻ 5.5 ഓവറിൽ അടിച്ചുകൂട്ടിയത് 85 റൺസായിരുന്നു. തുടർന്ന് ക്രീസിലെത്തിയ സഞ്ജു സാംസണും ദയാരഹിതായാണ് ഹൈദരാബാദ് ബോളർമാരെ നേരിട്ടത്. യശ്വസി ജയ്സ്വാളിനൊപ്പം ചേർന്ന് രാജസ്ഥാനെ ശക്തമായ നിലയിലേക്ക് സഞ്ജു നയിച്ചു.
advertisement
32 പന്തി നേരിട്ട സഞ്ജു നാല് സിക്സറും മൂന്ന് ഫോറുമാണ് നേടിയത്. അതിനിടെ ജയ്സ്വാളിന്‍റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. 37 പന്ത് നേരിട്ട ജയ്സ്വാൾ ഒമ്പത് ഫോറുകൾ നേടി. വലിയ ഇന്നിംഗ്സിലേക്ക് കുതിക്കുകയായിരുന്ന സഞ്ജു നടരാജന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഷിമ്രോ ഹെറ്റ്മെയറാണ് രാജസ്ഥാൻ സ്കോർ 200 കടത്തിയത്. അദ്ദേഹം 16 പന്തിൽ 21 റൺസെടുത്ത് പുറത്താകാതെ നിന്നു. ഹൈദരാബാദിന് വേണ്ടി ഫാറൂഖിയും നടരാജനും രണ്ടു വീതം വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. റൺസെടുക്കുംമുമ്പ് ഓപ്പണർ അഭിഷേക് ശർമ്മയെ ട്രെന്‍റ് ബോൾട്ട് ക്ലീൻ ബോൾഡാക്കി. തൊട്ടുപിന്നാലെ റൺസെടുക്കാതെ തന്നെ രാഹുൽ ത്രിപാഠിയെയും ബോൾട്ട് മടക്കി. ഇതോടെ രൂജ്യത്തിന് രണ്ട് വിക്കറ്റ് എന്ന പരിതാപകരമായ നിലയിലായിരുന്നു ഹൈദരാബാദ്. മായങ്ക് അഗർവാൾ പിടിച്ചുനിൽക്കാൻ നോക്കിയെങ്കിലും 27 റൺസിലെത്തി നിൽക്കെ പുറത്തായി. തുടർന്ന് കൃത്യമായ ഇടവേളകളിൽ രാജസ്ഥാൻ വിക്കറ്റുകൾ വീഴ്ത്തിക്കൊണ്ടിരുന്നു. നാലു വിക്കറ്റെടുത്ത ചാഹലാണ് ഹൈദരാബാദിനെ തകർത്തത്. വാലറ്റത്ത് പിടിച്ചുനിന്ന് അബ്ദുൽ സമദാണ് രാജസ്ഥാൻ സ്കോർ 100 കടക്കാൻ സഹായിച്ചത്. സമദ് 32 പന്തിൽ 32 റൺസെടുത്തു പുറത്താകാതെ നിന്നു. രാജസ്ഥാനുവേണ്ടി ചാഹൽ നാലു വിക്കറ്റെടുത്തപ്പോൾ ബോൾട്ട് രണ്ടു വിക്കറ്റുകൾ നേടി.